കടയ്ക്കാവൂർ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് കായിക്കര വഴി വർക്കലയ്ക്കുള്ള റോഡിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് യാത്രികരെ വഴിതെറ്റിക്കുന്നതായി പരാതി. നെടുങ്ങണ്ട പുതിയ പാലത്തിന്റെ ഇരു കരകളിലും ഒന്നാം പാലം എന്നാണ് പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചിരിക്കുന്നത്. അഞ്ചുതെങ്ങ് കായൽ കഴിഞ്ഞ് വർക്കല തോട്ടിൽ കയറി വർക്കലയ്ക്ക് പോകുമ്പോൾ ആദ്യം കാണുന്നതാണ് ഒന്നാം പാലം. രണ്ടാമത് കാണുന്നത് മുക്കാലുവട്ടം പുതിയ പാലമാണ്. ഈ പാലത്തിന്റെ ഇരുകരകളിലുമാണ് പൊതുമരാമത്ത് വകുപ്പ് ഒന്നാം പാലം എന്ന ബോർഡ് വച്ചിരിക്കുന്നത്. ഈ ബോർഡ് കണ്ട് യാത്രക്കാർ ഈ പാലത്തിനെ ഒന്നാം പാലമായി തെറ്റിദ്ധരിച്ച് പാലത്തിന്റെ കിഴക്കേ കരയിൽ കൂടിയുള്ള റോഡിലൂടെ പോകുമ്പോൾ പൊന്നും തുരുത്ത് ശിവപാർവതി വിഷ്ണു ക്ഷേത്ര ഭാഗത്ത് എത്തും.
പൊതുമരാമത്തിന്റെ ഈ ബോർഡ് യാത്രക്കാരെ വഴിതെറ്റിക്കുകയാണ്. ബോർഡ് മാറ്റി പുതിയ പാലം എന്ന ബോർഡ് സ്ഥാപിച്ച് യാത്രക്കാരുടെ ആശയകുഴപ്പം ഒഴിവാക്കണമെന്ന് വാർഡ് മെമ്പർ വിമൽ രാജ് ഉൾപ്പെടെ പലരും പരാതികൾ കൊടുത്തെങ്കിലും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.