ramesh
ramesh

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരുന്നതിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ പിണറായി വിജയൻ ഒറ്രുകൊടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമി മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന ബിഗ് സല്യൂട്ട് ഇതാണ് വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

യു.എ.പി.എയുടെയും മാവോയിസ്റ്റ് വേട്ടയുടെയും കാര്യത്തിൽ മോദി -ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ജന്മഭൂമി പറയുന്നത്. സി.പി.എം - ബി.ജെ.പി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാരം നൽകിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനം.

ജനങ്ങളെ വർഗീയമായും ജാതീയമായും വേർതിരിച്ച് അധികാരത്തിൽ എത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസ് വിമുക്ത ഭാരതം എന്ന ബി.ജെ.പി ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതുകൊണ്ട് സംഘപരിവാറിനും പിണറായി പ്രിയങ്കരനാകുന്നു. ബി.ജെ.പിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാർട്ടിയിലെ ബഹുഭൂരിപക്ഷത്തെയും അന്ധകാരത്തിൽ നിറുത്തിയാണ് പിണറായി ഈ തീക്കളി കളിക്കുന്നത്.

ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയുടെ ജനറൽ സെക്രട്ടറിയും സി.പി.എമ്മിന്റെ മുൻ ജനറൽ സെകട്ടറിയും പ്രകടിപ്പിച്ച അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കല്പിക്കുന്നതെങ്കിൽ വലിയ സല്യൂട്ട് നൽകിയതിൽ അദ്ഭുതപ്പെടാനില്ലെന്നും ചെന്നിത്തല പറഞ്ഞു.