photo

നെടുമങ്ങാട്: നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കൂട്ടായ പരിശ്രമത്തിലൂടെ വാഴക്കൃഷി തിരികെ വന്നതിന്റെ ആഹ്ലാദത്തിലാണ് ആനാട് ഗ്രാമപഞ്ചായത്തിലെ വടക്കേല,വേട്ടമ്പള്ളി, വട്ടറത്തല നിവാസികൾ. വാഴത്തോട്ടങ്ങളിൽ പശുവളർത്തൽ,ആടു വളർത്തൽ,തേനീച്ചക്കൃഷി,മത്സ്യക്കൃഷി മുതലായവയ്ക്കും സൗകര്യമൊരുക്കി സമ്മിശ്രകൃഷിയുടെ പുതിയ അദ്ധ്യായം രചിക്കുകയാണിവർ.കൃഷിക്ക് നേതൃത്വം നൽകാൻ വലിയൊരു സംഘംതന്നെ ഇവിടെയുണ്ട്. കൃഷി അസിസ്റ്റൻഡായ പ്രിയകുമാർ പുലർച്ചെ 4 ന് വാഴത്തോട്ടത്തിൽ ജോലിക്കെത്തും. എട്ടര മണിക്ക് കൃഷിപ്പണികൾ കഴിഞ്ഞ് കൃഷിഭവനിലേക്ക് പുറപ്പെടും.വൈകിട്ട് 6 മുതൽ 7 വരെയാണ് തോട്ടത്തിലെ പണി.മറ്റുള്ളവരോട് കൃഷി ചെയ്യണമെന്ന് നിർദേശിക്കുക മാത്രമല്ല,രണ്ടായിരത്തോളം വാഴ കൃഷി ചെയ്ത് സ്വയം മാതൃകയാവുകയാണ് ഈ ഉദ്യോഗസ്ഥൻ. പ്രിയകുമാറിന്റെ പാട്ടകൃഷിയിടത്തിൽ 'സ്വർണമുഖി" എന്ന ഇനം ഏത്തവാഴകൾ കുലച്ച് നിൽക്കുകയാണ്‌.ഇവ ജനുവരിയിൽ വിളവെടുക്കാനാവും.സ്വാദ് കൂടിയ ഇനമാണ് സ്വർണമുഖി.ചിപ്സ് നിർമ്മാതാക്കൾക്ക് ഏറെ പ്രിയം.സാധാരണ കുലകൾ 15 കിലോയിൽ ഒതുങ്ങുമ്പോൾ ഇരട്ടി കനവും അടുങ്ങിയുള്ള കായും ഇതിന്റെ സവിശേഷതയാണ്.കാട്ടുപന്നി ശല്യം തടയാൻ കൃഷിവകുപ്പ് നിർദേശിക്കുന്ന 'എക്കഡോൺ" എന്ന ചരട് വിദ്യ തോട്ടത്തിനു ചുറ്റും സ്ഥാപിച്ചിട്ടുണ്ട്.കാറ്റിൽ നിന്ന് വാഴകൾക്ക് സംരക്ഷണം ലഭിക്കാനുള്ള ശാസ്ത്രീയ വിദ്യകളും പ്രിയന്റെ തോട്ടത്തിലുണ്ട്.ആയിരം വാഴ കൃഷി ചെയ്യുന്ന ഒരാൾ ദിവസം മൂന്ന് മണിക്കൂർ ചെലവിട്ടാൽ വാഴക്കൃഷി ലാഭകരമാവുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്ക്.ആനാട് കൃഷിഭവനിൽ പുതുതായി ചുമതലയേറ്റ കൃഷി ഓഫീസർ ജയകുമാറിന്റെ മാർഗ നിർദേശത്തിൽ വാഴകൃഷിക്കൊപ്പം സമ്മിശ്ര വിളകളും വ്യാപകമാകുന്നതിന്റെ തിടുക്കത്തിലാണ് പ്രിയകുമാർ.ഇരിഞ്ചയം ഏലായിൽ സൈമൺ എന്ന കർഷകൻ രണ്ടര ഏക്കറിൽ തീർത്ത പച്ചക്കറിപ്പന്തലും സമ്മിശ്ര കൃഷിയുടെ പെരുമ വിളിച്ചോതുന്നതാണ്.ടൺ കണക്കിന് പാവലും പടവലവുമാണ് ഈയിടെ സൈമന്റെ പച്ചക്കറി പന്തലിൽ വിളവെടുത്തത്.

വടക്കേലയിൽ ദേവസ്വം ജീവനക്കാരനായ സുഭാഷിന്റെ വാഴത്തോട്ടത്തിൽ ആടുകളുടെയും പശുക്കളുടെയും ഒരു കൗതുക ലോകം തന്നെയുണ്ട്.കാഴ്ചയിൽ കുള്ളനായ കനേഡിയൻ ബ്രിഡ് എന്ന കറുത്ത കുഞ്ഞനാട് മുതൽ മലബാറി ഇനത്തിൽപ്പെട്ടവയും വിലയേറിയ ജമ്‌നാപ്യാരിയുമെല്ലാം സുഭാഷിന്റെ ആട് വളർത്തൽ കേന്ദ്രത്തിലുണ്ട്. കാസർകോഡ് കുള്ളൻ പശുവിനെയും കുട്ടിയേയും കണ്ടാൽ കൗതുകം ഇരട്ടിക്കും.ഇരുപത്തയ്യായിരം രൂപ വിലയുള്ള നാടൻ ജനുസിൽപ്പെട്ട പശുക്കളും ഇവിടെയുണ്ട്.കറുത്ത കുഞ്ഞനാടിന് വില 15,000 രൂപയ്ക്ക് മേലെയാണ്.കുള്ളൻ കനേഡിയൻ ബ്രീഡ് രണ്ട് കുട്ടികൾക്ക് ജന്മം നല്കിയത് കഴിഞ്ഞ ദിവസമാണ്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെയും വാർഡ് മെമ്പർ വേങ്കവിള സജിയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളും കർഷകരും സുഭാഷിന്റെ സമ്മിശ്രകൃഷിയിടം സന്ദർശിച്ച് കുഞ്ഞാടുകളെ കണ്ടു.സുഭാഷിന്റെ ഭാര്യ ജ്യോതിയും കൃഷിപ്പണികളിൽ ഭർത്താവിനെ സഹായിക്കുന്നുണ്ട്.ഒന്നര ഏക്കറിൽ തേനീച്ച കൃഷിയും മത്സ്യകൃഷിയും ഈ ദമ്പതികൾ നടത്തുന്നുണ്ട്. സമ്മിശ്ര കൃഷിയിടങ്ങളിൽ വളർത്തുന്ന നാടൻ പശുക്കളുടെയും ആടുകളുടെയും ചാണകവും ഗോമൂത്രവും പാലും പ്രയോജനപ്പെടുത്താൻ കൃഷിഭവന്റ നേതൃത്വത്തിൽ 'ജൈവശ്രീ" പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തധികൃതർ.

വീട്ടമ്മമാർ,വിദ്യാർത്ഥികൾ,ഉദ്യോഗസ്ഥർ എന്നിവരെല്ലാം സമ്മിശ്രകൃഷിയുടെ ഭാഗമായിട്ടുണ്ട്.തൊഴിൽ രഹിതരായ ചെറുപ്പക്കാരെ കണ്ടെത്തി ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയാണ് പ്രദേശത്തെ സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും.കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്നവരുടെ കൂട്ടായ്മ കൂടിയാണിത്. ഇവരുടെ ആറു മാസത്തെ പ്രയത്നത്തെ തുടർന്ന് രണ്ടു ലക്ഷം വാഴകളാണ് ഈ മേഖലയിൽ വിളവെടുപ്പിന് പാകമായി നില്ക്കുന്നത്.