കല്ലമ്പലം: മത സൗഹാർദ്ദം ഊട്ടിയുറപ്പിച്ച് നബിദിന സന്ദേശ റാലികൾക്ക് ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. മടവൂർ മഹാദേവക്ഷേത്ര ഭാരവാഹികളും, നാവായിക്കുളം മുട്ടിയറ അപ്പൂപ്പൻനട ശ്രീ ദുർഗാദേവീ ക്ഷേത്ര ഭാരവാഹികളും, നാട്ടുകാരും ചേർന്നാണ് റാലികൾക്ക് സ്വീകരണമൊരുക്കിയത്. മടവൂർ മുസ്ലീം ജമാ അത്ത്, ഡീസന്റ് മുക്ക് മുസ്ലീം ജമാ അത്ത്, ചിരട്ടകുന്ന് മുസ്ലീം മസ്ജിദുൽ ഹുദാ തയ്ക്കാവ് എന്നിവിടങ്ങളിൽ നിന്നെത്തിയ നബിദിന റാലികൾക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. മടവൂർ മഹാദേവക്ഷേത്ര കവാടത്തിൽ മടവൂർ ജമാ അത്തിന്റെ നബിദിന സന്ദേശ റാലിയെ സ്വീകരിച്ചു. സ്വീകരണ ചടങ്ങ് അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ അദ്ധ്യക്ഷയായി. എല്ലാവർഷവും സ്വീകരണം നൽകാറുണ്ടെങ്കിലും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലകരുടെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ഇക്കൊല്ലം വൻപിച്ച വരവേൽപ്പാണ് ക്ഷേത്ര കമ്മിറ്റിക്കാർ നൽകിയത്.
ഡീസന്റ്മുക്ക് ജമാ അത്തിന്റെയും, ചിരട്ടകുന്ന് മസ്ജിദുൽ ഹുദാ തയ്ക്കാവിന്റെയും നേതൃത്വത്തിൽ നടന്ന നബിദിന സന്ദേശ റാലിക്ക് മുട്ടിയറ അപ്പൂപ്പൻനട ദുർഗാദേവീക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് വൻ വരവേൽപ്പാണ് നൽകിയത്. പായസവും മധുര പലഹാരങ്ങളും നൽകി നബിദിന സന്ദേശങ്ങളും ആശംസകളും കൈമാറി. ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് സുദർശനൻ പോറ്റി നേതൃത്വം നൽകി.