palayam-palli

തിരുവനന്തപുരം: മറ്റൊരു ഇടവകയിൽപ്പെട്ടയാളുടെ മൃതദേഹം സംസ്കരിച്ചതിനെ തുടർന്ന് പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഒരു വിഭാഗം ആളുകളുടെ പ്രതിഷേധം. 10 വർഷം മുൻപു മരിക്കുകയും അവിടെ അടക്കുകയുംചെയ്ത വെട്ടുകാട് ഇടവകയിൽപ്പെട്ട മിഥുൻ മാർക്കോസ് എന്ന യുവാവിന്റെ ഭൗതികദേഹം പണംവാങ്ങി പാളയം പള്ളിക്കു കീഴിലുള്ള പാറ്റൂർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചുവെന്നാരോപിച്ച പ്രതിഷേധക്കാർ പള്ളി വികാരി ഫാ. നിക്കോളാസിനെ തടഞ്ഞുവച്ചു. തുടർന്ന് വികാരി ജനറൽ മോൺ. സി. ജോസഫിന്റെ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കകം ഭൗതികദേഹം മാറ്റാൻ ധാരണയായി. പ്രതിഷേധങ്ങൾക്കൊടുവിൽ നിലവിലെ 25 അംഗ പാരിഷ് കൗൺസിൽ രാജിക്കത്ത് സമർപ്പിച്ചു.

ഇന്നലെ രാവിലെ ദിവ്യബലിക്ക് ശേഷമാണ് ഇടവകക്കാരിൽ ഒരു വിഭാഗം വികാരിക്കും പള്ളി കമ്മിറ്റിക്കാർക്കുമെതിരെ പ്രതിഷേധവുമായി എത്തിയത്. ഇടവകയ്ക്ക് പുറത്തുനിന്നുള്ള ഒരാളുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ പാടില്ലെന്നും സ്വന്തം ഇടവകാംഗങ്ങളുടെ മൃതദേഹം പോലും സംസ്കരിക്കാൻ ഇടമില്ലാതിരിക്കെ, മറ്റൊരു ഇടവകയിൽപ്പെട്ടവർക്ക് അനുമതി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഭൗതികദേഹം നീക്കം ചെയ്യുന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും അവർ പറഞ്ഞു.

വാഹനാപകടത്തിൽ മരിച്ച വെട്ടുകാട് ഇടവകാംഗമായ യുവാവിന്റെ മൃതദേഹം വെട്ടുകാട്ടെ സെമിത്തേരിയിലായിരുന്നു സംസ്കരിച്ചത്. ഇവിടത്തെ നിയമപ്രകാരം കൃത്യമായ ഇടവേളകളിൽ ഭൗതികാവശിഷ്ടങ്ങൾ മാറ്റി ആ കല്ലറയിൽ മറ്റൊരാളെ സംസ്കരിക്കും. സ്ഥലപരിമിതി മൂലം വെട്ടുകാട് പള്ളിയിൽ കുടുംബകല്ലറകൾ അനുവദനീയമല്ല. യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ നീക്കണമെന്ന് വെട്ടുകാട് പള്ളി അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് രണ്ടാഴ്ച മുൻപാണ് പാളയം പള്ളിക്ക് കീഴിലുള്ള സെമിത്തേരിയിൽ ഭൗതികദേഹം സംസ്കരിച്ചത്. ഇവിടെ കുടുംബകല്ലറകൾ നൽകാറുണ്ട്. 3 ലക്ഷം രൂപയാണ് ഒരു കല്ലറയ്ക്കായി നൽകേണ്ടത്. രാത്രിയാണ് ഭൗതികദേഹം സംസ്കരിച്ചതെന്നും ഇത് വിശ്വാസികൾ അറിയാതിരിക്കാൻ വേണ്ടിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

എന്നാൽ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അതിരൂപതയുടെ അനുമതിയോടെയാണ് സംസ്കാരം നടത്തിയതെന്നും പള്ളി അധികൃതർ അറിയിച്ചു. ഇതിന് മുൻപും മറ്റിടവകക്കാരുടെ മൃതദേഹം സംസ്കരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പള്ളിയിൽ ദിവ്യബലി നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു പുറത്ത് പ്രതിഷേധം.