തിരുവനന്തപുരം: ഉറ്റവരും ഉടയവരും കൈവിട്ടപ്പോൾ വിദ്യാഭ്യാസവും തണലിടവും നൽകി സനാഥരാക്കി ജീവിതത്തിന്റെ തുരുത്തിലേക്ക് കൈപിടിച്ചുയർത്തിയ അമ്മമാരെ കാണാൻ സ്‌നേഹാദരങ്ങളുമായി മക്കൾ എത്തി.
ശതാബ്ദിയാഘോഷിക്കുന്ന പൂജപ്പുര ഹിന്ദു മഹിളാ മന്ദിരത്തിലെ കുടുംബസംഗമത്തിലാണ് മുൻകാലങ്ങളിൽ അവിടെ താമസിച്ചു പഠിച്ചിരുന്നവർ ഒത്തുകൂടിയത്. മഹിളാ മന്ദിരത്തിൽ ജീവിച്ചു പഠിച്ച് പുതിയ മേഖലകളിലേക്ക് എത്തിപ്പെട്ടവരും കുടുംബജീവിതത്തിൽ പ്രവേശിച്ചവരും മുൻ ജീവനക്കാരും ഒത്തുകൂടി അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അത് സ്‌നേഹവായ്പുകളുടെയും ഓർമ്മകളുടെയും നിമിഷങ്ങളായി.
ഹിന്ദു മഹിളാ മന്ദിരത്തിന്റെ ചരിത്രം അഭിമാനകരമാണെന്ന് കുടുംബസംഗമത്തിൽ മുഖ്യാതിഥിയായിരുന്ന രാജകുടുംബാംഗം ഗൗരി ലക്ഷ്മിഭായി പറഞ്ഞു. ഇവിടുത്തെ കുഞ്ഞുങ്ങളാരും അനാഥരല്ലെന്നും അവർക്ക് വാത്സല്യമേകാൻ സ്‌നേഹനിധികളായ അമ്മമാരും ഉന്നത വിദ്യാഭ്യാസത്തിനു വരെയുള്ള അവസരങ്ങളും ഉണ്ടെന്നും രക്ഷാധികാരി കൂടിയായ അവർ പറഞ്ഞു.
മഹിളാമന്ദിരത്തിന്റെ സ്ഥാപക കെ. ചിന്നമ്മയുടെ സമാധിയിൽ സെക്രട്ടറി ശ്രീകുമാരി വിളക്കു തെളിക്കുകയും കുട്ടികൾ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
മന്ദിരം മുൻ പ്രസിഡന്റ് ഡോ. പി.ബി. ശാന്താദേവി അദ്ധ്യക്ഷയായിരുന്നു. ഡോ. മായ .എം.എസ്, ട്രഷറർ സുഷ്മിള, ജോയിന്റ് സെക്രട്ടറിമാരായ ഗീത കൈമൾ, മീനാ രമേശ് എന്നിവർ പങ്കെടുത്തു. ചിന്നമ്മയുടെ കൊച്ചുമകളും മന്ദിരത്തിലെ മുൻ മാനേജരുമായ മീനാക്ഷി അമ്മയും സന്നിഹിതയായിരുന്നു.
മഹിളാ മന്ദിരത്തിനു കീഴിലുള്ള ശിശുഭവനമായ 'വാത്സല്യ'യിലെ വിദ്യാർത്ഥികളുടെയും വൃദ്ധസദനത്തിലെ അമ്മമാരുടെയും പൂർവവിദ്യാർത്ഥിനികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് സനേഹവിരുന്നും നടന്നു.