തിരുവനന്തപുരം : അക്ഷരവെളിച്ചം തേടി പ്രായഭേദമില്ലാതെ അമ്മൂമ്മയും മകളും ചെറുമകളും ഒരുമിച്ചിരുന്ന് പരീക്ഷയെഴുതിയത് അനന്തപുരിയിൽ കൗതുകക്കാഴ്ചയായി. സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് നടപ്പാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി ഇന്നലെ നടത്തിയ സാക്ഷരതാ പരീക്ഷയിലാണ് ഒരു കുടുംബത്തിലെ മൂന്നു തലമുറകളിൽപ്പെട്ടവർ ഒന്നിച്ച് പരീക്ഷയ്ക്കെത്തിയത്. 80കാരിയായ പാറു, മകൾ രാഗിണി (57), കൊച്ചുമകൾ രജനി (32) എന്നിവരാണ് സഹപാഠികളായി ഒരു ബെഞ്ചിലിരുന്ന് പരീക്ഷയെഴുതിയത്.

പാറുവിന്റെ നാല് മക്കളിൽ മൂന്നാമത്തെയാളാണ് രാഗിണി. അക്ഷരശ്രീ പദ്ധതി ആരംഭിക്കുന്നത് അറിഞ്ഞപ്പോൾ കൊച്ചുമകൾ രജനി പഠിക്കാൻ തീരുമാനിച്ചു. മകൾ പഠിക്കാൻ പോകുന്നതറിഞ്ഞ് അമ്മ രാഗിണി ഒപ്പം കൂടിയതോടെ അമ്മൂമ്മ പാറുവിനും പഠിക്കണമെന്ന ആഗ്രഹം കലശലായി.

കണ്ണമ്മൂല പുത്തൻപാലത്ത് നഗരസഭയുടെ പ്രാഥമികാരോഗ്യ കേന്ദത്തിലാണ് മൂവരും പരീക്ഷയെഴുതിയത്. ഇവരുൾപ്പെടെ 35 പേരാണ് സാക്ഷരതാ പരീക്ഷയെഴുതിയത്. 10.30ന് ആംഭിച്ച പരീക്ഷ 11.30ന് അവസാനിച്ചു. 80കാരി കമലമ്മയും മകളായ 55കാരി മല്ലികയും ഇന്നലെ ഒന്നിച്ചാണ് പരീക്ഷയെഴുതിയത്. അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി ഇന്നലെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ 24 വാർഡുകളിലായി 697 പേർ പരീക്ഷയെഴുതി. പി.ടി.പി നഗറിൽ പരീക്ഷയെഴുതിയ 91 വയസുള്ള ലക്ഷ്മിയാണ് പ്രായം കൂടിയ പഠിതാവ്. കാഞ്ഞിരംപാറയിൽ പരീക്ഷയെഴുതിയ 26കാരി ജിജിയാണ് പ്രായം കുറഞ്ഞത്. ഇന്നലത്തെ പരീക്ഷ പാസായവർക്ക് സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ ക്ലാസിൽ ചേരാം.

നഗരത്തിൽ 11,764 നിരക്ഷരർ (അക്ഷരശ്രീ സർവേ പ്രകാരം)

നിരക്ഷരരിൽ ഭൂരിഭാഗവും സ്ത്രീകൾ, 7256 പേർ

നാലാംതരം വിജയിക്കാത്തവർ- 12,979

 ഏഴാംതരം വിജയിക്കാത്തവർ-22,999

പത്താംതരം വിജയിക്കാത്തവർ- 45208

ഹയർ സെക്കൻഡറി വിജയിക്കാത്തവർ- 39,479