ശ്രീകാര്യം: ശ്രീകാര്യം കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി രതീഷ് കുമാറിന്റെ (19) മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. രതീഷ് മരിച്ചിട്ട് 48 മണിക്കൂർ കഴിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ നിന്ന് ലഭിച്ച സൂചന.
മൂന്ന് ദിവസം മുമ്പ് കാണാതായ രതീഷിനെ കോളേജിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ ശനിയാഴ്ച രാത്രിയാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതാൻ രാവിലെ രതീഷ് കോളേജിലെത്തിയിരുന്നു. പരീക്ഷാ സമയം തീരും മുമ്പേ ഹാളിൽ നിന്ന് പുറത്തിറങ്ങിയ രതീഷിനെ കാണാതാവുകയായിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കോളേജ് കാമ്പസിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ശ്രീകാര്യം പൊലീസിൽ വല്യമ്മ ഗിരിജ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രതീഷിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കോളേജിന്റെ പ്രധാന കെട്ടിടത്തിൽ ആണെന്ന വിവരം കിട്ടി. തെരച്ചിൽ നടത്തുന്നതിനിടെയാണ് സിവിൽ ഡിപ്പാർട്ട്മെന്റിന്റെ ബാത്ത് റൂം അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ശനിയാഴ്ച രാത്രി 11 ഓടെ സെക്യൂരിറ്റി ജീവനക്കാരൻ പൂട്ട് പൊളിച്ച് വാതിൽ തുറന്നപ്പോഴാണ് രതീഷിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് പൊലീസ് ബാത്ത് റൂം സീൽ ചെയ്തു. ഇന്നലെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രതീഷിന്റെ വല്യമ്മ ഗിരിജയും മറ്റ് ബന്ധുക്കളും പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിൻകര തഹസിൽദാർ ജയാൽ ജോസ് രാജന്റെ നേതൃത്വത്തിലാണ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്. കോളേജിലെ സിവിൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ അംഗപരിമിതർക്കുള്ള ടോയ്ലെറ്റ് അകത്തുനിന്ന് പൂട്ടിയ ശേഷം വെന്റിലേറ്ററിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വിശദമായ പരിശോധനകൾ നടത്തി. ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണമാണെന്ന് വ്യക്തമായി. മൃതദേഹത്തിന് 48 മണിക്കൂർ പഴക്കമുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നെയ്യാറ്റിൻകരയിലെ കുടുംബ വീട്ടിൽ താമസിച്ചിരുന്ന രതീഷ് അമ്മയുടെ മരണ ശേഷമാണ് ഉള്ളൂർ നീരാഴി ലെയ്നിൽ താമസിക്കുന്ന റിട്ട. അദ്ധ്യാപികയായ വല്യമ്മയോടൊപ്പം താമസമാക്കിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ സി.ഇ.ടിയിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ഉള്ളൂർ നീരാഴി ലെയ്നിലെ 'സരസ്' വീട്ടിലെത്തിച്ചു. വൈകിട്ട് ആറോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.