e-charging

 കെ.എസ്.ഇ.ബിക്കൊപ്പം സ്വകാര്യ സംരംഭകർക്കും അവസരം

 പെട്രോൾ പമ്പുകൾക്കും ഇ-ചാർജിംഗ് സ്റ്റേഷൻ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ ഇലക്ട്രിക് വിപ്ലവത്തിന് വഴിതെളിക്കാൻ വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ വ്യാപകമായി ഇ-ചാർജിംഗ് സ്റ്റേഷനുകൾ തുറക്കും. എഴുപതോളം ഇലക്ട്രിക് ചാർജിംഗ് സ്റ്രേഷനുകൾ ആരംഭിക്കാൻ കെ.എസ്.ഇ.ബി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ഏഴിടങ്ങളിൽ ഇ -ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും.

കെ.എസ്.ഇ.ബിക്കു പുറമെ സ്വകാര്യ വ്യക്തികൾക്കും സ്റ്റേഷനുകൾ ആരംഭിക്കാൻ കഴിയും. ഇങ്ങനെ സ്റ്റേഷൻ തുടങ്ങാൻ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ അനുവാദം (എൻ.ഒ.സി) വേണ്ടി വരുമെന്നും മാത്രം.
ആവശ്യമായ സ്ഥല സൗകര്യമുണ്ടെങ്കിൽ പെട്രോൾ പമ്പുകൾക്കും ഇ-ചാർജിംഗ് സ്റ്റേഷൻ തുറക്കാം.

ഉപഭോക്താക്കൾക്ക് യൂണിറ്രിന് 5 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുമെന്നാണ് വിവരം.

കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷനുകൾ കേന്ദ്രസഹായത്തോടെയാണ് നിർമ്മിക്കുന്നത്. ഒരുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളാണ് ബോർഡിന്റെ ഇ- ചാർജിംഗ് സ്റ്റേഷനുകൾ ആദ്യം വരിക.

തുടർന്ന് 63 എണ്ണം കൂടി സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ വിവിധ ജില്ലകളിലായി തുടങ്ങും. ദേശീയസംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബി.യുടെ സബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതിൽ 17 കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.

 ഫുൾ ചാർജിൽ 150 കിലോമീറ്റർ

* ഇപ്പോൾ നിരത്തിലുള്ള വൈദ്യുതി കാറുകളുടെ വൈദ്യുതി ശേഷി 16 മുതൽ 20 കിലോവാട്ട് വരെ

* ഒരു മണിക്കൂർ ചാർജ് ചെയ്യാൻ 20 യൂണിറ്റ് ആകും

*യൂണിറ്റിന് അഞ്ചുരൂപ വച്ച് കണക്കാക്കിയാൽ ഒരു കാറിന്റെ ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ ചെലവ് 100 രൂപ

*ഒരു തവണ ഫുൾചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ഓടിക്കാം.

ചാർജിംഗ് സമയം പ്രതിസന്ധി

നിലവിലെ സാഹചര്യത്തിൽ ഇ-വാഹനങ്ങൾ ഫുൾ ചാർജ് ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കും. പെട്രോൾ-ഡീസൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ മിനിട്ടുകൾ മതി. കാലക്രമേണ ചാർജിംഗ് വേഗത്തിലാക്കാൻ കഴിയുന്ന സംവിധാനങ്ങൾ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

 ആദ്യ ആറ് സ്റ്റേഷനുകൾ

ചെലവ് ₹1.68 കോടി

1 തിരുവനന്തപുരം- നേമം

2 കൊല്ലം- ഓലൈ

3എറണാകുളം-കലൂർ

4 തൃശൂർ- വിയ്യൂർ

5 കോഴിക്കോട് - നല്ലളം

6 കണ്ണൂർ- ചൊവ്വ