തിരുവനന്തപുരം : പി.എസ്.സി പരീക്ഷാ രീതിയും നടത്തിപ്പും അടിമുടി പരിഷ്കരിക്കണമെന്നും ഉദ്യോഗാർത്ഥികൾ ഹാളിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പ് ശാരീരിക പരിശോധന കർശനമാക്കണമെന്നും നിർദ്ദേശിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി, പി.എസ്.സി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഷൂ, ബെൽറ്റ്, ബട്ടൺസ് തുടങ്ങിയവ പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്നുപേർ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നുമുള്ള റിപ്പോർട്ടിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ സുപ്രധാനനിർദേശങ്ങൾ.
ജനാധിപത്യപരമായി നടക്കുന്ന മത്സരപരീക്ഷയിൽ അനർഹർ കയറികൂടുന്നതും അർഹതയുള്ളവന് അവസരം നിഷേധിക്കപ്പെടുന്നതും വെല്ലുവിളിയാണെന്ന് തച്ചങ്കരി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിർദേശങ്ങൾ അപ്രായോഗികമായും ചെലവേറിയതായും പി.എസ്.സിക്ക് തോന്നാമെങ്കിലും, ലക്ഷക്കണക്കിനാളുകളെഴുതുന്ന പരീക്ഷകളിൽ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചില ഉദ്യോഗാർത്ഥികൾ നടത്തുന്ന ക്രമക്കേടുകൾ പിന്നീട് കണ്ടെത്തുകയെന്നത് അന്വേഷണ ഏജൻസികൾക്ക് ശ്രമകരമാണെന്നും പറയുന്നു.
മറ്റ് നിർദേശങ്ങൾ ഇങ്ങനെ
സ്മാർട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർപീസ് എന്നിവ നിരോധിക്കണം
സമയം അറിയാൻ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണം അല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ മണി അടിക്കണം
പരീക്ഷാഹാളിലെ സിറ്റിംഗ് രീതി പരിഷ്‌കരിക്കണം
പരീക്ഷാ സെന്റർ നേരത്തെ അറിയാനാകുന്ന നിലവിലെ രീതി മാറണം
പരീക്ഷയ്ക്ക് ശേഷം ഒ.എം.ആർ ഷീറ്റും ബാക്കി സാമഗ്രികളും തിരികെ പി.എസ്.സിയിൽ ഏൽപ്പിക്കാനുള്ള ഫോമിൽ
ബാക്കിയുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്തണം.
നിലവിൽ പ്യൂൺ, ഓഫിസ് അഡ്മിനിസ്‌ട്രേറ്റർ എന്നിവരാണ് നിരീക്ഷകരായി എത്തുന്നത്.
ഇതിന് പകരം കൃത്യമായ പരിശീലനം നൽകിയവരെയും യോഗ്യതയുള്ളവരെയും നിരീക്ഷരാക്കണം
വിവിധ പരീക്ഷാഹാളുകളുള്ള കേന്ദ്രങ്ങളിൽ പി.എസ്.സിയുടെ ഒരു ഉദ്യോഗസ്ഥനെങ്കിലും വേണം.
ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പോർട്ടബിൾ വൈഫൈ/മൊബൈൽ ജാമറുകൾ
ഹാളിൽ പ്രവേശിക്കുന്നവരുടെ നീക്കം നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി കാമറ
എല്ലാ പരീക്ഷകളും ഓൺലൈനാക്കുക.
ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുള്ള പരീക്ഷകളിൽ കൈയക്ഷരം പരിശോധിച്ച് ആൾമാറാട്ടം കണ്ടെത്താനാകും.