വർക്കല: ബൈക്കുകളിലെത്തുന്ന സാമൂഹ്യവിരുദ്ധർ പൊതു നിരത്തുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. വർക്കല പുത്തൻചന്ത- ചിലക്കൂർ- ചുമടുതാങ്ങി റോഡ് പനമൂട് ക്ഷേത്രം റോഡ്, മറ്റ് ഇടറോഡുകൾ എന്നിവിടങ്ങളിലാണ് സന്ധ്യ മയങ്ങിയാൽ ബൈക്കുകളിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നത്. വഴിയാത്രക്കാരെ ബൈക്കിന്റെ പിൻസീറ്റിലിരുന്ന് മുതുകത്തടിക്കുക, ഓടയിലേക്ക് തള്ളിയിടുക, മുട്ടയെറിയുക, വീടുകൾക്ക് നേരെ കല്ലെറിയുക തുടങ്ങിയവയാണ് ഇവരുടെ ക്രൂരവിനോദങ്ങൾ. അസഭ്യം വിളിച്ച് അട്ടഹാസത്തോടെ റോഡിൽ ഭീതി വിതയ്ക്കുന്ന ഇവരെ ഭയന്ന് സന്ധ്യ കഴിഞ്ഞാൽ റോഡ് സൈഡിലെ വീടുകളിൽ നിന്നും ആരും പുറത്തിറങ്ങാറില്ല. ചില വഴിയാത്രക്കാരെ മർദ്ദിക്കുകയും പിടിച്ചു പറിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാഴ്ച മുൻപാണ് പനമൂട് ക്ഷേത്രം റോഡിൽ വഴിയാത്രക്കാരനെ തള്ളിയിടുകയും പണമുൾപ്പെടെ പിടിച്ചുപറിക്കുകയും ചെയ്തത്. ഏറെ നാളായി സാമൂഹ്യവിരുദ്ധരുടെ ശല്യം തുടങ്ങിയിട്ട്. പുത്തൻചന്ത പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇവിടെ റോഡുകളിൽ തെരുവ് വിളക്കുകൾ കത്താത്തതുമൂലം സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയാനും കഴിയുന്നില്ല.