തിരുവനന്തപുരം: ശ്രീകാര്യം ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി രതീഷിന്റെ മരണത്തിന് പിന്നിൽ തന്റെ ഭർത്താവായ അനിരുദ്ധനെ സംശയിക്കുന്നതായും കഞ്ചാവ് ലോബിയുമായി ബന്ധമുള്ള ഇയാൾ പലതവണ തന്നെയും രതീഷിനെയും ആക്രമിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നതായും രതീഷിന്റെ വല്യമ്മ ഗിരിജ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് വില്പന സംഘത്തെക്കുറിച്ച് എക്‌സൈസുകാർക്ക് വിവരം നൽകിയെന്നാരോപിച്ച് മാസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകരയിലെ തന്റെ കുടുംബ വീട് ആക്രമിച്ച് മുറ്റത്തുണ്ടായിരുന്ന കാർ കത്തിച്ച സംഭവം ഉണ്ടായിട്ടും പൊലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് ഗിരിജ ആരോപിക്കുന്നു.
ശനിയാഴ്ച രാത്രി വൈകിയാണ് രതീഷിനെ കോളേജിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചമുതൽ രതീഷിനെ കാണാതായതായി പരാതി നൽകിയിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയ വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് തന്നെ അറിയിച്ചില്ലെന്നും ഗിരിജ ആരോപിച്ചു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾക്കായി ആർ.ഡി.ഒ എത്താൻ വൈകിയതായും പരാതിയുണ്ട്. അമ്മ രണ്ടര വയസിൽ മരിച്ചതു മുതൽ വല്യമ്മയ്ക്കൊപ്പമാണ് ഭിന്നശേഷിക്കാരനായ രതീഷ് വളർന്നത്. കാമ്പസിൽ രതീഷ് സജീവ സാന്നിദ്ധ്യമായിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പലും വിദ്യാർത്ഥികളും പറഞ്ഞു.
രതീഷ് കോളേജിൽ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല.
സംഭവത്തിൽ വിശദമായ അന്വേഷണം വേണം.
-പ്രൊഫ.സി.വി. ജിജി, സി.ഇ.ടി പ്രിൻസിപ്പൽ