ശ്രീകാര്യം: സി.ഇ.ടിയിൽ കഴിഞ്ഞ ദിവസം മരിച്ച ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥി രതീഷ്കുമാറിന് കണ്ണീരോടെ കാമ്പസ് വിട നൽകി. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 5 മണിയോടെ സി.ഇ.ടി.എൻജിനിയറിംഗ് കോളേജിലെ ഓഫീസിന് മുന്നിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികൾ നിറകണ്ണുകളോടെയാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. അവധി ആയിട്ടുകൂടി തങ്ങളുടെ പ്രിയ കൂട്ടുകാരനെ അവസാനമായി ഒരുനോക്കുകാണാൻ നൂറുകണക്കിന് വിദ്യാർത്ഥികളാണ് രാവിലെ മുതൽ കോളേജിലെത്തിയത്. കഴിഞ്ഞ ദിവസം തങ്ങളോടൊപ്പം പരീക്ഷാഹാളിലിരുന്ന രതീഷിന്റെ ചലനമറ്റ ശരീരം കണ്ട് പലർക്കും തേങ്ങലടക്കാനായില്ല. ശാരീരികമായ ചില അവശതകളുള്ള രതീഷിനെ സീനിയർ, ജൂനിയർ ഭേദമില്ലാതെ കാമ്പസിൽ എല്ലാവർക്കും വലിയകാര്യമായിരുന്നു. എല്ലാവരോടും സൗമ്യതയോടെയും സൗഹൃദത്തോടെയും ഇടപഴകിയിരുന്നതിനാൽ അദ്ധ്യാപകർക്കും പ്രിയപ്പെട്ടവനായിരുന്നു. പഠനത്തിൽ അത്ര മികവ് പുലർത്താതിരുന്ന രതീഷ്, ഭിന്നശേഷി ക്വോട്ടയിലാണ് കോളേജിൽ പ്രവേശനം നേടിയത്. കാമ്പസിൽ പൊതുവെ ശാന്തനായി കാണപ്പെട്ടിരുന്ന രതീഷിന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് കോളേജ് പ്രിൻസിപ്പലും സാക്ഷ്യപ്പെടുത്തുന്നു. രതീഷിനും കുടുംബത്തിനും നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിൽ വച്ച് നേരിടേണ്ടി വന്ന പീഡനവും മാനസിക പ്രശ്‍നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യം അന്വേഷിക്കണമെന്നാണ് സഹപാഠികൾ ആവശ്യപ്പെടുന്നത്.