manalilroad

മുടപുരം: കുഴികൾ രൂപപ്പെട്ട് യാത്രക്ക് ദുഷ്കരമായി മാറിയ ചേമ്പുംമൂല-പണ്ടാരവിള-അഴൂർ റോഡ് പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അഴൂർ ഗ്രാമ പഞ്ചായത്തിലെ ചേമ്പുംമൂല-കോളിച്ചിറ-മുട്ടപ്പലം റോഡിൽ മുക്കോണി ജംഗ്‌ഷന്‌ സമീപത്തു നിന്നും ആരംഭിച്ച് പണ്ടാരവിള ലക്ഷംവീട് വഴി അഴൂർ മാർക്കറ്റ് ജംഗ്‌ഷനിൽ ചെന്ന് ചേരുന്ന റോഡാണിത്. ഇരുപത് വർഷത്തോളമായി ഈ റോഡ് തുടങ്ങുന്ന ഭാഗം രണ്ടു ഘട്ടമായി കോൺക്രീറ്റ് ചെയ്തിട്ട്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഇളകി തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. അതുമൂലം വൻ കുഴികൾ ഇവിടെ രൂപപ്പെട്ട നിലയിലാണ്. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം നിറയുന്നത് ഇരുചക്രവാഹനങ്ങൾക്കും കാൽനട വാഹന യാത്രക്കാർക്കും അപകടം വരുത്തുന്നു.

തദ്ദേശ വാസികൾ ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പുറമേ സ്കൂൾ ബസുകളും ഇതുവഴി യാത്ര ചെയ്യുന്നു. അതിനാൽ ഈ റോഡ് അടിയന്തരമായി പുതുക്കി പണിയാൻ ഗ്രാമ പഞ്ചായത്തും ജനപ്രതിനിധികളും മുൻകൈ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.