തിരുവനന്തപുരം : വി.കെ. പ്രശാന്ത് രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.

ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെന്റർ യോഗത്തിന്റേതാണ് തീരുമാനം. കെ. ശ്രീകുമാറിനായിരുന്നു ആദ്യം മുതൽ മുൻതൂക്കം. ഈ കൗൺസിൽ നിലവിൽ വന്നപ്പോഴും പ്രശാന്തിനൊപ്പം മേയർ സ്ഥാനത്തേക്ക് ശ്രീകുമാറിന്റെ പേരും പരിഗണിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ അട്ടിമറി സാദ്ധ്യത കുറവായതിനാൽ കെ. ശ്രീകുമാർ മേയറായി തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത. പാർലമെന്ററി പാർട്ടി നേതാവായ എം.ആർ. ഗോപനാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഡി. അനിൽകുമാറിനെ സ്ഥാനാർത്ഥിയായി യു.ഡി.എഫ് ഇന്ന് പ്രഖ്യാപിക്കും. നാളെ രാവിലെ 11നാണ് മേയർ തിരഞ്ഞെടുപ്പ്.

പൊതുസ്വതന്ത്രനെ മുൻനിറുത്തി മേയർ സ്ഥാനം സി.പി.എമ്മിൽ നിന്ന് മാറ്റുമെന്ന വാദവുമായി യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ രംഗത്തുവന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നീക്കം ഉണ്ടാകില്ല.

പൊതുസ്വതന്ത്രനീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

പ്രശാന്ത് രാജിവച്ചതിന് പിന്നാലെ പൊതുസ്വതന്ത്ര മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു.

ശ്രീകാര്യത്ത് നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ലതാകുമാരിയെ മത്സരിപ്പിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ അവർ തയ്യാറാവാത്തത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.

പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയില്ലാതെ ഒന്നിച്ച് പിന്തുണച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമോയെന്ന് ഭയന്നാണ് പ്രതിപക്ഷം മറ്റു ശ്രമങ്ങളിൽ നിന്ന് പിൻമാറിയത്. എൽ.ഡി.എഫ്- 44, ബി.ജെ.പി- 35, യു.ഡി.എഫ്- 21 എന്നിങ്ങനെയാണ് കക്ഷിനില.