തിരുവനന്തപുരം: കൂടംകുളത്തു നിന്ന് സംസ്ഥാനത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ വൈദ്യുതി എത്തിക്കുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ ചാർജ് ചെയ്തു. ഇതോടെ കൂടംകുളത്തു നിന്നും പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി കേരളത്തിലെത്തിക്കാൻ കഴിയും.
വൈദ്യുത മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നു കരുതുന്ന പവർ ഹൈവേ 18ന് ഉദ്ഘാടനം ചെയ്യും. 800 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നതാണ് പവർ ഹൈവേയുടെ പ്രധാന നേട്ടം. ആകെ 447 ടവറുകളാണ് പദ്ധതിക്കായി വേണ്ടിയിരുന്നത്. അതിൽ 351 എണ്ണവും നിർമ്മാണം പൂത്തിയാക്കിയത് ഈ മൂന്നു വർഷത്തിനുള്ളിലായിരുന്നു. 148.3 കിലോമീറ്ററിൽ ലൈനിൽ 138.8 കിലോമീറ്റും ഈ കാലയളവിലായിരുന്നു.
2011ൽ തിരുനൽവേലി മുതൽ ഇടമൺ വരെയും കൊച്ചി മുതൽ മാടകത്തറ വരെയുമുള്ള ലൈൻ പൂർത്തിയാക്കിയിരുന്നു. കൊച്ചി പള്ളിക്കരയ്ക്കു സമീപമുള്ള സ്ഥലം ഏറ്റെടുപ്പാണ് തടസപ്പെട്ടതും നിർമ്മാണം പൂർത്തിയാകുന്നതിന് തടസമായി നിന്നിരുന്നതും.
പോൾ ആന്റണിയുടെ ഇടപെടലുകൾ നേട്ടമായി
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന എ.കെ.ബാലനാണ് പവർ ഹൈവേ പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് 2016ൽ വീണ്ടും എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പദ്ധതി സാക്ഷാത്കരിക്കപ്പെടില്ലെന്ന പ്രചരണം ഉണ്ടായി. പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. ഊർജ വകുപ്പ് സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനുമായിരുന്ന പോൾ ആന്റണി തടസങ്ങൾ മാറ്റാനുള്ള ശ്രമം നടത്തി. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്നപ്പോൾ ആ ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങി. ഇപ്പോൾ വൈദ്യുത മന്ത്രി എം.എം. മണിയും വകുപ്പ് സെക്രട്ടറി ബി.അശോകും സ്വപ്നയാഥാർത്ഥ്യത്തിന് ക്ലൈമാക്സും ഒരുക്കി.