തിരുവനന്തപുരം: മാതൃഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി എം.ജി കോളേജിൽ താളിയോലകളുടെയും പുരാവസ്‌തുക്കളുടെയും പ്രദർശനം സംഘടിപ്പിച്ചു. മലയാള വിഭാഗം ഒരുക്കിയ പ്രദർശനത്തിൽ താളിയോലകൾ, ചിത്രരാമായണമുൾപ്പെടെയുള്ള അമൂല്യ ഗ്രന്ഥങ്ങൾ, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ വിവിധ നാണയങ്ങൾ, പഴയകാല വീട്ടുപകരണങ്ങൾ തുടങ്ങിയവ ഒരുക്കിയിരുന്നു. വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ തുടങ്ങിയ പഴയ ലിപികളെയും മലയാള അക്കങ്ങളെയും പരിചയപ്പെടുത്തി. ഭാഷാ – സാഹിത്യ സമ്മേളനങ്ങൾ, ഭാഷാശുദ്ധി, ഉപന്യാസ മത്സരങ്ങൾ, സുവർണ കേരളം പ്രശ്‌നോത്തരി, ഭക്ഷ്യമേള, കലാമത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ.എം എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. പ്രൊഫ. പന്മന രാമചന്ദ്രൻ നായരെ ചടങ്ങിൽ അനുസ്‌മരിച്ചു. മലയാള വിഭാഗം മേധാവി ഡോ. അജയപുരം ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷനായി.