പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ള 111 അടി ഉയരമുള്ളതും ലോക റെക്കാഡിൽ ഇടം നേടിയതുമായ മഹാശിവലിംഗം സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് ലോകത്തിന് സമർപ്പിച്ചു. രാവിലെ 5 ന് നടന്ന ഗണപതി ഹോമത്തിനും, 6 ന് നടന്ന ഗോപൂജയ്ക്കും ശേഷം യജ്ഞാചാര്യൻ വീരമണി വാദ്യാരുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാരുദ്ര കലശാഭിഷേകം നടത്തി.തുടർന്ന് 8 നും 9 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ശിവലിംഗത്തിൽ ആരതി ഉഴിഞ്ഞ് മഹാശിവലിംഗം ഭക്തജനങ്ങൾക്കായി സമർപ്പിച്ചു. സമർപ്പണ സമയത്ത് ആകാശത്ത് നിന്നു വിമാനത്തിൽ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, കെ.ആൻസലൻ എം.എൽ.എ നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്‌സൺ ഡബ്ളിയു.ആർ.ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, എ.ഡി.എം.വിനോദ്, നെയ്യാറ്റിൻകര തഹസിൽദാർ കെ.മോഹൻകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.