sand-price

തിരുവനന്തപുരം: സംസ്ഥാനത്ത് നിർ‌മ്മാണ പ്രവൃത്തികൾക്കും മറ്റുമായി പ്രതിവർഷം 65 ലക്ഷം ഘനമീറ്റർ മണൽ വേണം. നേരത്തേ 75 ലക്ഷം ഘനമീറ്റർ മണൽ വരെ ഖനനം ചെയ്യാമായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളെത്തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഇത് 42 ലക്ഷം ഘനമീറ്ററായി കുറഞ്ഞു. ഇതോടെ മണൽ വില കുത്തനെ ഉയർന്നു. അഞ്ച് ഘനമീറ്റർ മണലിന്റെ ഒരു ട്രക്ക് ലോഡിന് ശരാശരി വില 3500 രൂപയായിരുന്നെങ്കിൽ, അതു പിന്നീട് 9000 രൂപയ്ക്കു മുകളിലെത്തി. കെട്ടിടനിർമ്മാണ ചെലവ് കുത്തനെ ഉയർന്നതോടെ കരാറുകാരും പ്രതിസന്ധിയിലായി. സർക്കാർ കണക്കനുസരിച്ച് ഒരു ഘനമീറ്റർ മണലിന് 750 മുതൽ 800 രൂപ വരെയാണ് ശരാശരി വില.