# ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 84 റൺസ് ജയം
ഗ്രോ ഐലറ്റ് : വിൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതിന് പിന്നാലെ അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 84 റൺസിന്റെ വിജയം നേടി.
ഗ്രോ ഐലറ്റിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 185/4 എന്ന സ്കോർ ഉയർത്തിയ ഇന്ത്യയ്ക്കെതിരെ വിൻഡീസ് വനിതകൾ 101/9 എന്ന സ്കോറിർ ഒതുങ്ങുകയായിരുന്നു.
143 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സൂക്ഷിച്ച കൗമാരതാരം ഷഫാലി വെർമ്മയും (73) വെറ്ററൻ താരം സ്മൃതി മന്ദാനയുമാണ് (67) ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്.
42 പന്തുകൾ നേരിട്ട ഷഫാലി ആറ് ബൗണ്ടറികളുടെയും നാല് സിക്സുമുൾപ്പെടെ 73 റൺസ് നേടി. 46 പന്തുകൾ നേരിട്ട സ്മൃതി 11 ബൗണ്ടറികൾ പായിച്ചു.
33 റൺസ് നേടിയ ഷെമെയ്ൻ കാംപ്ബെല്ലെയ്ക്ക് മാത്രമാണ് വിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. ഹെയ്ലെയ് മാത്യൂസ് (13), ചെദീൻ നേഷൻ (10), കിഷോണ (12), സ്റ്റാസി ആൻകിംഗ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.
4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രാധാ യാദവാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്. ശിഖാ പാണ്ഡ, പൂനം യാദവ് എന്നിവരും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
സച്ചിന്റെ റെക്കാഡ് തിരുത്തി ഷഫാലി
വിൻഡീസിനെതിരെ ട്വന്റി-20യിൽ അർദ്ധ സെഞ്ച്വറി നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റർ ഷഫാലി വെർമ്മ തകർത്തത് 30 കൊല്ലം പഴക്കമുള്ള സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കാഡാണ് 15 കാരിയായ ഷഫാലി ഇന്നലെ സ്വന്തമാക്കിയത്. 1989ൽ തന്റെ 16-ാം വയസിലാണ് സച്ചിൻ ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടിയിരുന്നത്.
ഹരിയാനക്കാരിയായ ഷഫാലി സ്മൃതി മന്ദാനയ്ക്കൊപ്പം ഇന്ത്യൻ വനിതാ ട്വന്റി-20 ക്രിക്കറ്റിലെ റെക്കാഡ് കൂട്ടുകെട്ടിലാണ് പങ്കാളിയായത്.