leo-messi
leo messi

# ലയണൽ മെസിക്ക് ഹാട്രിക്ക്, സെൽറ്റയ്ക്കെതിരയ 4-1 ന് ജയിച്ച് ബാഴ്സലോണ

# ലാലിഗയിലെ ഹാട്രിക്കുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കാഡിനൊപ്പം മെസി

# നാലു ഗോൾ ജയവുമായി റയലും, പട്ടികയിൽ ബാഴ്സലോണയ്ക്ക് പിന്നിൽ രണ്ടാമത്

34

സ്പാനിഷ് ലാലിഗയിൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേടിയിട്ടുള്ള ഹാട്രിക്കുകളുടെ എണ്ണം. 459-ാമത്തെ മത്സരത്തിലാണ് മെസി 34-ാം ഹാട്രിക്ക് തികച്ചത്. ഇപ്പോൾ ഇറ്റാലിയൻ ലീഗിൽ യുവന്റസിനായി കളിക്കുന്ന റൊണാൾഡോ 288 ലാലിഗ മത്സരങ്ങളിൽ നിന്നാണ് 34 ഹാട്രിക്കുകൾ നേടിയിരുന്നത്.

കാംപ്‌നൗ : കഴിഞ്ഞയാഴ്ച ലെവാന്റയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽക്കേണ്ടിവന്നതിന്റെ ഷോക്കിൽ നിന്ന് ബാഴ്സലോണയുടെ ഉയിർത്തെഴുന്നേൽപ്പിന് ഹാട്രിക്ക് തിളക്കവുമായി മുഖ്യ കാർമ്മികത്വം വഹിച്ച് ലയണൽ മെസി.

കഴിഞ്ഞ രാത്രി നടന്ന ലാലിഗ മത്സരത്തിൽ ബാഴ്സലോണ 4-1 ന് സെൽറ്റഡി വിഗോയെ കീഴടക്കിയപ്പോൾ മൂന്നു ഗോളുകളും പിറന്നത് മെസിയിൽ നിന്നായിരുന്നു. ബാഴ്സലോണയുടെ തട്ടകമായ കാംപ്‌നൗവിൽ നടന്ന മത്സരത്തിന്റെ 23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സ്കോറിംഗ് തുടങ്ങിയ മെസി ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു കിടിലൻ ഫ്രീകിക്കിലൂടെ ലീഡുയർത്തി. 42-ാം മിനിട്ടിൽ ഒലാസയിലൂടെ സമനില പിടിച്ചിരുന്ന സെൽറ്റയ്ക്ക് അധികം വൈകാതെ വീണ്ടും തല താഴ്ത്തേണ്ടിവന്നു.

ഇടവേളകഴിഞ്ഞെത്തിയ ഉടൻ കളിയുടെ 48-ാം മിനിട്ടിൽ വീണ്ടുമൊരു ഫ്രീകിക്കിലൂടെ മെസി ഹാട്രിക്ക് തികയ്ക്കുകയായിരുന്നു. ഇതോടെ ലാലിഗയിലെ ക്രിസ്റ്റ്യാനോ റൊണാഡോയുടെ റെക്കാഡിനൊപ്പം മെസിയും ഇടം പിടിച്ചു. 85-ാം മിനിട്ടിൽ സെർജിയോ ബുസ് ക്വെറ്റ്സാണ് ബാഴ്സയുടെ അവസാന ഗോൾ നേടിയത്.

ഈ വിജയത്തോടെ ബാഴ്സയ്ക്ക് 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സയെങ്കിലും രണ്ടാമതുള്ള റയൽ മാഡ്രിഡിനും 25 പോയിന്റാണുള്ളത്. ഗോൾ ശരാശരിയിലാണ് ബാഴ്സയുടെ മുൻതൂക്കം.

കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എയ്ബറിനെ 4-0ത്തിന് തോൽപ്പിച്ചാണ് റയൽ ലാലിഗയിലെ രണ്ടാംസ്ഥാനത്ത് തുടർന്നത്. മിന്നുന്ന ഫോമിൽ തുടരുന്ന കരിം ബെൻസേമയുടെ ഇരട്ട ഗോളുകളും ബെർജിയാ റാമേസ്, വൽവർദെ എന്നിവരുടെ ഓരോ ഗോളുമാണ് റയലിന് വിജയം നൽകിയത്.

17-ാം മിനിട്ടിൽ ബെൻസേമയിലൂടെയാണ് റയൽ സ്കോറിംഗ് തുടങ്ങിയത്. 20-ാം മിനിട്ടിൽ റാമോസ് പെനാൽറ്റിയിലൂടെ സ്കോർ ചെയ്തു. 29-ാം മിനിട്ടിൽ അടുത്ത പെനാൽറ്റി കിക്ക് ഗോളാക്കി ബെൻസേമ ലീഡ് 3-0 ആയി ഉയർത്തി. 61-ാം മിനിട്ടിലായിരുന്നു വൽവർദെയുടെ ഗോൾ.

പോയിന്റ് നില

(ക്ളബ്,കളി, പോയിന്റ് എന്ന ക്രമത്തിൽ)

ബാഴ്സലോണ 12-25

റയൽ മാഡ്രിഡ് 12-25

സോസിഡാഡ് 13-23

അത്‌ലറ്റിക്കോ 12-21

സെവിയ്യ 12-21

ഈ സീസൺ ലാലിഗയിൽ നിലയിലെ ചാമ്പ്യൻമാരായ ബാഴ്സലോണയുടെ എട്ടാം വിജയമായിരുന്നു സെൽറ്റയ്ക്കെതിരെ ഇക്കുറി ഒരു കളി സമനില വഴങ്ങിയ ബാഴ്സലോണ മൂന്ന് കളികളിലാണ് തോൽവി വഴങ്ങിയത്.

12 മത്സരങ്ങളിൽ ഏഴെണ്ണത്തിൽ വിജയിച്ച റയൽ മാഡ്രിഡ് ഒരു മത്സരത്തിൽ മാത്രമേ തോറ്റിട്ടുള്ളൂ. മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങി.