തിരുവനന്തപുരം : വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് കരുതലുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വിരമിച്ചവർക്ക് അർഹമായ ആദരം നൽകുന്നതിനും മരണപ്പെട്ടുപോയ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനുമുളള നടപടികൾ സ്വീകരിക്കാൻ ഡി.ജി.പി എല്ലാ എസ്.എച്ച്.ഒ മാർക്കും നിർദ്ദേശം നൽകി.
പൊലീസ് സേനയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ ശേഷം വിരമിച്ച ഉദ്യോഗസ്ഥർ കരുതലും ശ്രദ്ധയും അർഹിക്കുന്നവരാണെന്നും മരണപ്പെട്ടുപോയ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന്റെ ക്ഷേമം അന്വേഷിക്കേണ്ടത് പൊലീസിന്റെ കടമയാണെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സഹായം ചെയ്തുനൽകാൻ ഓരോ പൊലീസ് ഉദ്യോഗസ്ഥനും തയ്യാറാകണമെന്നും പൊലീസ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.