# ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്റി - 20യിൽ സൂപ്പർ ഓവറിലൂടെ വിജയവും പരമ്പരയും ഇംഗ്ളണ്ടിന്.
ഓക്‌ലാൻഡ് : ലോകകപ്പ് ഫൈനലിലെ വിവാദ സൂപ്പർ ഓവറിന് ശേഷം ഇംഗ്ളണ്ടും ന്യൂസിലൻഡും തമ്മിൽ ആദ്യമായി ഏറ്റുമുട്ടാനിറങ്ങിയ ട്വന്റി - 20പരമ്പരയിലും കിരീടാവകാശികളെ കണ്ടെത്താനായത് സൂപ്പർ ഓവറിലൂടെ. ഇത്തവണ പക്ഷേ സൂപ്പർ ഓവറിൽത്തന്നെ വിജയം കണ്ടെത്താൻ ഇംഗ്ളണ്ടിന് കഴിഞ്ഞു.
ന്യൂസിലൻഡ് 146/5
# ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് മഴമൂലം 11 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് അടിച്ചുകൂട്ടുകയായിരുന്നു.
# ഗപ്ടിൽ (50), മൺറോ (46), സീഫർട്ട് (39)എന്നിവരാണ് കിവീസ് നിരയിൽ മിന്നിയത്.
# 83 റൺസാണ് ഗപ്ടിലും മൺറോയും ചേർന്ന്ആദ്യ 5.1 ഓവറിൽ നേടിയത്. 20 പന്തുകൾ നേരിട്ട ഗപ്ടിൽ നാല്ഫോറും അഞ്ചു സിക്സും പറത്തി. മൺറോ 21 പന്തുകളിൽ രണ്ട് ഫോറും നാല് സിക്സുമടിച്ചു.
ഇംഗ്ളണ്ട് 146/7
# മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് ഒൻപത് റൺസ് എടുക്കുന്നതിലൂടെ ബാന്റൺ (1), വിൻസ് (1) എന്നിവരെ നഷ്ടമായി.
# തുടർന്ന് ജോണി ബെയ്ർസ്റ്റോ (18 പന്തുകളിൽ 47 റൺസ്, രണ്ട് ഫോർ, 5 സിക്സ്) നടത്തിയ പോരാട്ടമാണ് സമനിലയിലെത്തിച്ചത്.
# ക്യാപ്ടൻ മോർഗൻ (17), സാം കറാൻ (24),സാം ബില്ലിംഗ്സ് (11), ടോം കറാൻ (12), ക്രിസ് യോർദാൻ (12) എന്നിവർ അവസാന ഓവറുകളിൽ പൊരുതി നിന്നാണ് സ്കോർ സമനിലയിലെത്തിച്ചത്.
# അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ അവസാന പന്ത് ബൗണ്ടറി കടത്തി യോർദാനാണ് കളി സമനിലയിലാക്കിയത്.
സൂപ്പർ ഓവറിൽ സംഭവിച്ചത്
ബെയ്‌ൻസ്റ്റോയും മോർഗനും ചേർന്നാണ് ഇംഗ്ളണ്ടിന് വേണ്ടി സൂപ്പർ ഓവറിൽ ബാറ്റിംഗിനിറങ്ങിയത്. ഇരുവരും ഓരോ സിക്സടിച്ചു.ഇംഗ്ളണ്ട് ആകെ നേടിയത് 17 റൺസ്.
കിവീസിനുവേണ്ടി മറുപടിക്കിറങ്ങിയത് സീഫർട്ടും ഗപ്ടിലും. ആദ്യ നാല് പന്ത് നേരിട്ട് ഏഴ് റൺസുമായി സീഫർട്ട് പുറത്തായി. പിന്നെ ഒരു റൺ കൂടിയേ കിവീസിന് നേടാനായുള്ളൂ.
ലോകകപ്പ് ഫൈനലിൽ നിശ്ചിത 50ഓവറുകളിലും സൂപ്പർ ഓവറിലും തുല്യ സ്കോർ ആയതിനാൽ ബൗണ്ടറികളുടെ എണ്ണം കണക്കാക്കി ഇംഗ്ളണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.