akash

തിരുവനന്തപുരം : കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരിശീലനത്തിടെ താത്കാലികമായി സ്ഥാപിച്ചിരുന്ന ഗോൾ പോസ്റ്റ് മറിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. കാലടി ഗവ. സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും കാലടി ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയുമായ പുതിയതുറ സ്വദേശി അരുൺ (14), അട്ടകുളങ്ങര സെൻട്രൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി വണ്ടിത്തടത്തിൽ കുമാറിന്റെ മകൻ ആകാശ് (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. സെൻട്രൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ്, ഫുട്‌ബാൾ അടക്കമുള്ള വിവിധ കളികൾ നടക്കുന്നതിനാൽ സ്ഥിരമായി ഗോൾപോസ്റ്റ് സ്ഥാപിച്ചിട്ടില്ല. ഫുട്‌ബോൾ കളിക്കുന്നതിന് മുൻപ് നട്ടും ബോൾട്ടും ഇട്ടു മുറുക്കി ഗോൾപോസ്റ്റ് സ്ഥാപിക്കുകയും ശേഷം എടുത്തുമാറ്റുകയുമാണ് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞദിവസം മുതിർന്ന കായികതാരങ്ങൾ വച്ച ഗോൾ പോസ്റ്റ് കളി കഴിഞ്ഞ ശേഷം സ്റ്റേഡിയത്തിൽ നിന്നും എടുത്തു മാറ്റിയിരുന്നില്ല. ഇത് യഥാവിധി നട്ടും ബോൾട്ടും ഉപയോഗിക്കാതെയും ബലപ്പെടുത്താതെയും സ്ഥാപിച്ചിരിക്കുകയായിരുന്നു. ഇതറിയാതെ കളിക്കാനെത്തിയ കുട്ടികൾ തങ്ങൾ ഉപയോഗിക്കുന്ന ചെറിയ ഗോൾപോസ്റ്റ് അവിടെയുണ്ടായിരുന്ന വലിയ പോസ്റ്റിനകത്തേക്ക് വയ്ക്കുന്നതിനിടെ വലിയ ഗോൾപോസ്റ്റ് കുട്ടികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അരുണിന്റെ തലയിലും ആകാശിന്റെ ഇടുപ്പിലേക്കുമാണ് പോസ്റ്റ് വന്നുപതിച്ചത്. സംഭവം നടക്കുമ്പോൾ എട്ടോളം കുട്ടികൾ ഗോൾപോസ്റ്റിനടുത്ത് നിൽക്കുകയായിരുന്നു. മറിഞ്ഞു വരുകയായിരുന്ന പോസ്റ്റിനെ സമീപത്തുണ്ടായിരുന്ന കുട്ടികൾ ചേർന്ന് താങ്ങി പിടിച്ചതിനാൽ വൻ അപകടം ഒഴിവായി. ഗോൾപോസ്റ്റിന്റെ വീഴ്ചയുടെ ആഘാതത്തിൽ നിലത്തുവീണ കുട്ടികളെ കളിക്കാനെത്തിയവരും കോച്ചുമാരും ചേർന്ന് പൊലീസിന്റെ ആംബുലൻസിൽ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം. സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കായികതാരങ്ങൾ പറഞ്ഞു. എറണാകുളം റവന്യൂ കായികമേളയുടെ സംഘാടനത്തിൽ ഗുരുതര പിഴവുകൾ ഉണ്ടായെന്ന വാർത്തകൾ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തും അപകടമുണ്ടായത്. പാലായിലെ ജൂനിയർ അത്‌ല‌‌റ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോൺസൺ എന്ന വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും വീഴ്ചകളുണ്ടാകുന്നത്.