ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ആഴ്സനലിനെ എതിരില്ലാത്ത രണ്ട്ഗോളുകൾക്ക് കീഴടക്കി ലെസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
സ്വന്തം തട്ടകമായ കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 68-ാം മിനിട്ടിൽ ജെറമി വാർഡിയും 75-ാം മിനിട്ടിൽ മാഡിസണുമാണ് ലെസ്റ്ററിന് വേണ്ടി സകോർ ചെയ്തത്. ഇതോടെ ലെസ്റ്ററിന് 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റായി. പട്ടികയിൽ ഒന്നാമതായുള്ള ലിവർപൂളിന് 11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 26 പോയിന്റാണ്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ 1-1ന് ഷെഫീൽഡ് യുണൈറ്റഡ് സമനിലയിൽ തളച്ചു. 58-ാം മിനിട്ടിൽ സൺഹ്യൂംഗ് മിന്നിലൂടെ ടോട്ടൻഹാമാണ് ആദ്യം സ്കോർ ചെയ്തത്.78-ാം മിനിട്ടിൽ ബാൾഡോക്കാണ് ഷെഫീൽഡിന് വേണ്ടി സമനില ഗോൾ നേടിയത്.
ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രൈട്ടൺ ആൻഡ് ഹോവിനെ കീഴടക്കി. 17-ാം മിനിട്ടിൽ ആൻഡ്രിയാസ് പെരേരയിലൂടെ മുന്നിലെത്തിയിരുന്ന മാഞ്ചസ്റ്ററിന് 19-ാം മിനിട്ടിൽ പ്രോപ്പയ്‌ർ സെൽഫ് ഗോളും സമ്മാനിച്ചു.64-ാം മിനിട്ടിൽ ഡങ്ക് ബ്രൈട്ടന് വേണ്ടി സ്കോർ ചെയ്തെങ്കിലും രണ്ട് മിനിട്ടിന് ശേഷം റാഷ്ഫോർഡ് മാഞ്ചസ്റ്ററിന്റെ മൂന്നാം ഗോളും നേടി.