അവസാന ട്വന്റി - 20യിൽ 30 റൺസിന് ജയിച്ച് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി
ശ്രേയസിനും (62) രാഹുലിനും (52) അർദ്ധ സെഞ്ച്വറി
ദീപക് ചഹറിന് ഹാട്രിക്ക് ഉൾപ്പടെ ആറ് വിക്കറ്റ്, ശിവം ദുബെയ്ക്ക് മൂന്ന് വിക്കറ്റ്
നാഗ്‌പൂർ : ബംഗ്ളാദേശിനെതിരായ അവസാന ട്വന്റി - 20 യിൽ 30 റൺസിന് വിജയം കൊയ്തെടുത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. ഇന്നലെ നാഗ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174റൺസ് എന്ന സ്കോർ ഉയർത്തിയപ്പോൾ ബംഗ്ളാദേശ്19.2 ഒാവറിൽ 144 റൺസിന് ആൾ ഒൗട്ടായി. 3.2 ഒാവറിൽ ഏഴുറൺസ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്ക് ഉൾപ്പടെ ആറ് വിക്കറ്റുകൾ വീഴ്ത്തിയ യുവപേസർ ദീപക് ചഹറും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ ആൾറൗണ്ടർ ശിവം ദുബെയും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.കരിയറിലെ ആദ്യ ഹാട്രിക്കിന് ഉടമയായ ദീപക്കാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദസിരീസും.
ഓപ്പണർമാരായ രോഹിത് ശർമ്മയും (2) ശിഖർ ധവാനും (19) പുറത്തായശേഷം ലോകേഷ് രാഹുൽ (52), ശ്രേയസ് അയ്യർ (62) എന്നിവർ നേടിയ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. ബാറ്റ്‌സ്മാൻ എന്ന നിലയിൽ ഋഷഭ് പന്ത് (6) ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ പരമ്പരയിൽ ആദ്യ അവസരം ലഭിച്ച മനീഷ് പാണ്ഡേ 22 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ബംഗ്ളാ കടുവകൾക്ക് 12 റൺസെടുക്കുന്നതിനിടെ ലിട്ടൺ ദാസിനെയും (9),സൗമ്യ സർക്കാരിനെയും(0) നഷ്ടമായെങ്കിലും മുഹമ്മദ് നയീം (81), മുഹമ്മദ് മിഥുൻ (27) എന്നിവരുടെ പോരാട്ടം ആവേശം പകർന്നു.എന്നാൽ 13-ാം ഒാവറിൽ ചഹർ മിഥുനെ മടക്കി അയച്ചതോടെ കളി മാറിത്തുടങ്ങി.14-ാം ഒാവറിലും 16-ാം ഒാവറിലുമായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ശിവം ദുബെ കളി ഇന്ത്യയുടെ കയ്യിലെത്തിച്ചു. തുടർന്ന് വാലറ്റത്തെ ചുരുട്ടിക്കൂട്ടി ദീപക് ചഹർ പരമ്പര വിജയം അനായാസമാക്കി.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയുടെ തുടക്കം പരുങ്ങലോടെയായിരുന്നു. ആദ്യ ഓവറിൽ നേടാനായത് മൂന്ന് റൺസ് മാത്രം. കഴിഞ്ഞ കളിയിലെ അർദ്ധ സെഞ്ച്വറി വീരൻ ക്യാപ്ടൻ രോഹിത് ശർമ്മയെ രണ്ടാം ഓവറിൽ നഷ്ടമാവുകയും ചെയ്തു. ഷഫിയുൽ ഇസ്ളാമിന്റെ പന്ത് ബാറ്റിൽ തട്ടി ലെഗ് സ്റ്റംപുമായി പോവുകയായിരുന്നു. ഈ ഓവർ മെയ്ഡനാവുകയും ചെയ്തു. പരമ്പരയിലെ ആദ്യ മെയ്ഡൻ ഓവറായിരുന്നു ഇത്.
തുടർന്ന് അടുത്ത ഓവറിൽ അടുപ്പിച്ച് രണ്ട് ബൗണ്ടറികൾ പറത്തി ധവാൻ ആവേശം വീണ്ടെടുത്തു.നാലാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ രാഹുൽ ഷഫിയുലിനെയും ബൗണ്ടറി കാണിച്ചു. അഞ്ചോവർ പൂർത്തിയാകുമ്പോൾ 34/1 എന്ന നിലയിലായിരുന്നു ഇന്ത്യ.
16 പന്തുകളിൽ നാലു ബൗണ്ടറികളടക്കം 19 റൺസെടുത്ത ധവാനെ ആറാം ഓവറിന്റെ രണ്ടാം പന്തിൽ ഷഫിയുൽ മഹ്‌മുദുള്ളയുടെ കയ്യിലെത്തിച്ചപ്പോൾ ഇന്ത്യ 35/2 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച രാഹുലും ശ്രേയസും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു നയിച്ചു. നേരിട്ട ആദ്യ ഓവറിൽ ക്യാച്ച് മിസാക്കി ബംഗ്ളാദേശ് നൽകിയ ലൈഫ്ശ്രേയസ് ശരിക്കും ആസ്വദിക്കുകയായിരുന്നു. ആദ്യപത്തോവർ പിന്നിട്ടപ്പോൾ ഇന്ത്യ 71/2എന്ന നിലയിലെത്തി.
12-ാം ഓവറിൽ വേറിട്ട 33-ാമത്തെ പന്തിൽ രാഹുൽ അർദ്ധ സെഞ്ച്വറിയിലെത്തി. തൊട്ടടുത്ത ഓവറിൽ ലിട്ടൺ ദാസിന് ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു. 35 പന്തുകൾ വേറിട്ട രാഹുൽ ഏഴ് ബൗണ്ടറികൾ പായിച്ചിരുന്നു. തുടർന്ന് ശ്രേയസിന്റെ ഊഴമായിരുന്നു. അഫിഫ് ഹുസൈൻ എറിഞ്ഞ 15-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ സിക്സ് പറത്തി ശ്രേയസ് അർദ്ധ സെഞ്ച്വറിയിലേക്ക് എത്തി. 15 ഓവറിൽ 129/3 എന്ന നിലയിലായി ഇന്ത്യ.
ആദ്യ അന്താരാഷ്ട്ര ട്വന്റി - 20സെഞ്ച്വറി നേടിയ ശ്രേയസിനൊപ്പം പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടിയ ഋഷഭ് പന്ത് 17-ാം ഓവറിൽ സൗമ്യ സർക്കാരിന്റെ പന്തിൽ ക്ളീൻ ബൗൾഡായി. ഒൻപത് പന്ത് പാഴാക്കിയ ഋഷഭിന് ആറ് റൺസ് മാത്രമാണ് നേടാനായത്. ഇതേ ഓവറിൽ ശ്രേയസും കൂടാരം കയറി. 33 പന്തുകൾ വേറിട്ട ശ്രേയസ് മൂന്നു ഫോറും അഞ്ച് സിക്സുമടിച്ചു. തുടർന്ന് മനീഷ് പാണ്ഡെ ശിവംദുബെയെ (9) കൂട്ടി 174 ലെത്തിച്ചു.
സഞ്ജുവിന് പരമ്പര നഷ്ടം
2015 ന് ശേഷം ഇന്ത്യൻ ടീമിലേക്ക് വിളിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലും കളിക്കാൻ അവസരം നൽകിയില്ല. ഇന്നലെ ക്രുനാൽ പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോൾ മനീഷ് പാണ്ഡെയെയാണ് പകരം ടീമിൽ ഉൾപ്പെടുത്തിയത്.
സ്കോർ ബോർഡ്
ഇന്ത്യ ബാറ്റിംഗ് : രോഹിത്ബി ഷഫിയുൽ ഇസ്ളാം 2, ശിഖർ ധവാൻ സി മഹ് മുദുള്ള ബി ഷഫിയുൽഇസ്ളാം 19, കെ.എൽ. രാഹുൽ സി ലിട്ടൺ ദാസ് ബി അൽഅമിൻ ഹുസൈൻ 52, ശ്രേയസ് അയ്യർ സി ലിട്ടൺ ദാസ് ബി സൗമ്യ സർക്കാർ 62, ഋഷഭ് പന്ത് ബി സൗമ്യ സർക്കാർ 6, മനീഷ് പാണ്ഡെ നോട്ടൗട്ട് 20, ശിവം ദദബെ നോട്ടൗട്ട് എക്സ്ട്രാസ് 2,ആകെ 20 ഓവറിൽ 174/5,
വിക്കറ്റ് വീഴ്ച 1-3(രോഹിത്), 2-35 (ശിഖർ),3-94 (രാഹുൽ), 4-139 (പന്ത്) 5-144 (ടശ്രേയസ്)
ബൗളിംഗ് അൽ അമീൻ ഹുസൈൻ 4-0-22-1, ഫയിയുൽ ഇസ്ളാം 4-1-32-2, മുസ്താഫിസു4-0-42-0, അമിനുൽ ഇസ്ലാം 3-0-29-0, സൗമ്യ സർക്കാർ 4-0-29-2, അഫിഫ്ഹുസൈൻ1-0-20-0.
ശിവ താണ്ഡവം
ഇൗ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ആൾറൗണ്ടർ ശിവം ദുബെ 14-ാം ഒാവറിന്റെ ആദ്യ പന്തിൽ അപകടകാരിയായ മുഷ്ഫിഖുറിനെ ക്ളീൻ ബൗൾഡാക്കി. തന്റെ അടുത്ത ഒാവറിൽ അടുത്തടുത്ത പന്തുകളിൽ നയിമിനെയും അഫിഫിനെയും കൂടി ശിവം കൂടാരം കയറ്റി.നയിം ബൗൾഡായപ്പോൾ അഫിഫ് റിട്ടേൺ ക്യാച്ച് നൽകി.ദുബെയുടെ ആദ്യ അന്താരാഷ്ട്ര ഇരയായിരുന്നു മുഷ്ഫിഖുർ.
ഹാട്രിക്ക് ചഹർ
തന്റെ ഏഴാം അന്താരാഷ്ട്ര ട്വന്റി-20യ്ക്കിറങ്ങിയ ദീപക് ചഹർ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നാഗ്പൂരിൽ കാഴ്ചവച്ചാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസുമായത്. തന്റെ ആദ്യ ഒാവറിലെ അടുത്തടുത്തപന്തുകളിൽ ലിട്ടൺ ദാസിനെയും സൗമ്യയെയും പുറത്താക്കിയ ചഹർ 14-ാം ഒാവറിൽ മിഥുനെയും മടക്കി.18-ാം ഒാവറിലെ അവസാനപന്തിൽ ഷഫിയുലിനെയും അവസാന ഒാവറിലെ ആദ്യ രണ്ട് പന്തുകളിൽ മുസ്താഫിസുറിനെയും അൽ അമിനെയും പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്.
6/7
ഇന്നലെ 20 പന്തുകൾ എറിഞ്ഞ ദീപക് ചഹർ ഏഴുറൺസ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്ക് അടക്കം വീഴ്ത്തിയത് ആറ് വിക്കറ്റുകൾ