തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി രതീഷ്കുമാറിനെ കാമ്പസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പട്ടികജാതി പട്ടികവർഗ കമ്മിഷൻ കേസെടുത്തു. കേസിൽ പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്താൻ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി പൊലീസിന് നിർദ്ദേശം നൽകി. മുപ്പത് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷൻ പൊലീസിനോട് നിർദ്ദേശിച്ചു.
ഇന്നലെ കോളേജിലെത്തിയ ചെയർമാൻ ബന്ധുക്കളുടെയും കോളേജ് അധികൃതരുടെയും മൊഴികൾ കേട്ടു മനസിലാക്കി. രതീഷിന്റേത് ആത്മഹത്യ അല്ലെന്നാണ് രണ്ടു കൂട്ടരും നൽകിയ സൂചന. സംഭവത്തിൽ ദുരൂഹതയുണ്ടെങ്കിൽ അത് പൊലീസ് അന്വേഷിച്ച് കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ലോബിയാണ് രതീഷ്കുമാറിന്റെ മരണത്തിന് കാരണക്കാരെന്നാണ് കമ്മിഷൻ ചെയർമാനോട് ബന്ധുക്കൾ പറഞ്ഞത്. മരണത്തിൽ മയക്കുമരുന്ന് ലോബിക്ക് നേരിട്ടു പങ്കുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. കോളേജിൽ രതീഷിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷവാനായിട്ടാണ് കണ്ടിരുന്നതെന്നുമാണ് പ്രിൻസിപ്പൽ അറിയിച്ചത്. മറ്റ് വിദ്യാർത്ഥികളുമായി നല്ല സൗഹൃദത്തിലാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് ഡിപ്പാർട്ട്മെന്റ് മേധാവിയും അറിയിച്ചു. കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് അലംഭാവം കാണിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി.