കുളത്തൂർ: കഴക്കൂട്ടം മുതൽ മുട്ടത്തറ വരെയുള്ള പ്രദേശങ്ങളിലെ സീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സീവേജ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിക്ക് കഴിഞ്ഞ വർഷം ഗ്രീൻ സിഗ്നൽ ലഭിച്ചെങ്കിലും നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തിയാക്കാൻ കഴിയുമോയെന്നാണ് ആശങ്ക. അടുത്തവർഷം മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. നിലവിൽ കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം പുരോഗമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജൻറം പദ്ധതിയിൽ ഉൾപ്പെടുത്തി സ്വീവേജ് ലൈൻ സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തെങ്കിലും എതിർപ്പുകളെ തുടർന്ന് പദ്ധതി നടന്നില്ല. തെറ്റിയാർ തോടിന് സമാന്തരമായി കഴക്കൂട്ടം മുതൽ ആക്കുളം വരെ 6 മുതൽ 10 മീറ്റർ വരെ താഴ്ചയിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ
-----------------------------------------------
കഴക്കൂട്ടത്തെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം
കക്കൂസ് മാലിന്യം തുറന്നുവിടുന്നെന്ന പരാതി കുറയും
തെറ്റിയാറിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാൻ കഴിയും
ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ സാധിക്കും
വഴിയരികിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാം
പദ്ധതിയുടെ ഭാഗമായി പമ്പിംഗ് സ്റ്റേഷനുകളും
---------------------------------------------------------------------------
കുളത്തൂർ, കരിമണൽ, ആക്കുളം, ഇടത്തറ, ഉള്ളൂർ, കരിക്കകം, ശാന്തിനഗർ എന്നിവിടങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും പൈപ്പ് ലൈൻ വഴി പമ്പിംഗ് സ്റ്റേഷനുകളിലെത്തിക്കുന്ന മാലിന്യം മുട്ടത്തറയിലെ പ്ലാന്റിലേക്ക് എത്തിക്കും. മുട്ടത്തറയിലെ പ്ലാന്റിൽ ഒരു ദിവസം 107 മില്യൺ ലിറ്റർ ( എം.എൽ.ഡി ) മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയുണ്ടെങ്കിലും നിലവിൽ 40 എം.എൽ.ഡി മാത്രമാണ് സംസ്‌കരിക്കാൻ കഴിയുന്നത്. പുതിയ ഡ്രെയിനേജ് ലൈനിലേക്ക് ഗാർഹിക കണക്‌ഷനുകളും ഉൾപ്പെടുത്തുന്നതിനാൽ പദ്ധതി നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെടും.
പദ്ധതിയുടെ ഭാഗമായുള്ള വിവിധ ഫണ്ടുകൾ
------------------------------------------------------------
കുളത്തൂർ അരശുംമൂട്ടിൽ നിന്ന് കരിമണൽ
വരെയുള്ള സ്വീവേജ് ലൈൻ പദ്ധതിക്ക് 21.82 കോടി
കുഴിവിളയിൽ നിന്ന് ആക്കുളം വരെയുള്ള ഭാഗത്ത്
സ്വീവേജ് ലൈലനിനായി 15.08 കോടി
ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഒരു കിലോമീറ്റർ ദൂരത്തിൽ
സ്വീവേജ് ലൈൻ നിർമ്മിക്കാൻ 9.80 കോടി
പുലയനാർകോട്ടയെ മുട്ടത്തറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധിപ്പിക്കുന്നതിന്
പൈപ്പ് ലൈൻ അടക്കമുള്ള പ്രവർത്തികൾക്ക് 49.96 കോടി
മെഡിക്കൽ കോളേജിന് മാത്രമായുള്ള പുതിയ സ്വീവേജ് സംവിധാനം ഒരുക്കുന്നതിനായി
സ്വീവേജ് പ്ലാന്റ് സ്ഥാപിക്കാൻ 19.16 കോടി
നിർമ്മാണം പൂർത്തിയാക്കാൻ
തീരുമാനിച്ചത് - 2020 മാർച്ച്
-------------------------------------------
എച്ച്.ഡി.ഡി സംവിധാനത്തിൽ പൈപ്പിടൽ ജോലികൾക്ക് താമസം ഉണ്ടാകുന്നത് ഇപ്പോൾ പണികൾ നടക്കുന്നിടത്തെ അനിയന്ത്രിതമായ ജലസാന്നിധ്യമാണ്
- വാട്ടർ അതോറിട്ടി എക‌്സിക്യൂട്ടിവ് എൻജിനീയർ