cpm

കണ്ണൂർ: കോഴിക്കോട് പന്തീരങ്കാവിൽ പാർട്ടി അംഗങ്ങളായ 2 സി.പി.എം പ്രവർത്തകർ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സാഹചര്യത്തിൽ സി.പി.എം പരിശോധന കർശനമാക്കി. പോഷക സംഘടനകളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിലെ പ്രവർത്തരെയാണ് ചില കേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് വിധേയമാക്കുന്നത്. പാർട്ടിക്കുള്ളിൽ മാവോവാദികളുടേയും മുസ്ലീം തീവ്രവാദ സംഘത്തിൽപ്പെട്ടവരും നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് പാർട്ടി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ അന്നൊന്നും പരിശോധന കർശനമാക്കിയിരുന്നില്ല.

പോഷക സംഘടനകളുടെ സമ്മേളനങ്ങൾ നടക്കുമ്പോഴും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും മാത്രമാണ് പോഷക സംഘടനകളുടെ ഭാരവാഹികളായ പാർട്ടി അംഗങ്ങളുടെ ഫ്രാക്ഷൻ വിളിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഫ്രാക്ഷൻ ഇടക്കിടെ വിളിച്ച് ചേർക്കാനുള്ള തീരുമാനവുമായി പാർട്ടി നേതൃത്വം മുന്നോട്ടുപോവുകയാണ്. പാർട്ടിയും പോഷക സംഘടനകളിലുമായി ഇത്തരക്കാർ ഉണ്ടെന്നുള്ളത് തള്ളിക്കളയാൻ കഴിയില്ലെന്ന് ഒരു മുതിർന്ന സംസ്ഥാന നേതാവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ പാർട്ടിയെ സംബന്ധിച്ചേടത്തോളം പുതിയതല്ലെന്നും, ഇത്തരക്കാരെ കണ്ടെത്തിയാൽ നടപടി എടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്ര ഇടതുപക്ഷ ആശയം കൊണ്ടുനടക്കുന്നവരുടെ എണ്ണം പാർട്ടിയിലും പോഷക സംഘടനകളിലും കൂടിവരികയാണ്. സി.പി.എമ്മിൽ ആയിരത്തിനടുത്ത് മാവോവാദി അനുഭാവികളുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട് പൊലീസ് നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അതേസമയം യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അംഗങ്ങളായ സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ യോഗം ഇന്ന് നടക്കും. ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഉണ്ടാകൂ എന്നാണ് സൂചന. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള സംഘടനാ നടപടികൾക്ക് ഫ്രാക്ഷൻ യോഗം ചേരും.

ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ തുടങ്ങിയ പോഷകസംഘടനകളിൽപ്പെട്ടവർ പങ്കെടുക്കുന്ന ഫ്രാക്ഷൻ യോഗങ്ങളാണ് നടക്കുന്നത്. മാവോവാദി അനുഭാവികളെ കണ്ടെത്താനും തെറ്റുതിരുത്തലിനുമാണ് ഈ യോഗങ്ങൾ ചേരുന്നത്. അറസ്റ്റിലായ അലൻ ഷുഹൈബും താഹയും ഇന്ന് ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകും. ഇവർക്ക് ജാമ്യം നൽകുന്നത് എതിർക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.