തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവനനിർമ്മാണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. ഇതിനായി സൗജന്യമായി ഭൂമി വിട്ടുനൽകാൻ തോട്ടം ഉടമകളുമായി സർക്കാർ ചർച്ച നടത്തുകയാണ്. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് പുതിയ പദ്ധതി നടപ്പാക്കും. സ്ഥലമില്ലാത്ത തോട്ടം തൊഴിലാളികൾക്ക് വീടുവയ്ക്കാൻ മൂന്നാറിൽ റവന്യൂവകുപ്പിന്റെ 5.43ഏക്കർ കണ്ടെത്തിയിട്ടുണ്ട്. ബിവറേജസ് കോർപറേഷന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് വയനാട്ടിൽ 100 തൊഴിലാളികൾക്ക് ഡിസംബറിനകം വീടുവച്ച് നൽകും. 32591 തോട്ടം തൊഴിലാളികളാണ് ഭവനരഹിതരായിട്ടുള്ളത്. ഇവരുടെ പട്ടിക ലൈഫ് മിഷന് കൈമാറിയിട്ടുമുണ്ട്. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതർക്ക് നാലു ലക്ഷം രൂപ ചെലവിൽ 400ചതുരശ്ര അടി വിസ്തൃതിയുള്ള വീടും ഭൂമിയില്ലാത്തവർക്ക് ഇത്രയും വിസ്തൃതിയുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും നിർമ്മിച്ചു നൽകും. തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌കരണം ചർച്ച ചെയ്യാൻ വ്യാഴാഴ്ച മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ചേരും. തീരുമാനമാകും വരെ പ്രതിദിനം 50രൂപ ഇടക്കാലാശ്വാസമായി നൽകുന്നുണ്ടെന്നും സി.കെ.ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.