കല്ലമ്പലം: പള്ളിക്കൽ സി.എച്ച്.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കുറച്ചു നാളുകളായി സെന്ററിൽ ഒരു ഡോക്ടർ മാത്രമാണുള്ളതെന്നും പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ് എസ്. നിസാം, ഡി.സി.സി അംഗം ഗോപാലക്കുറുപ്പ്, കെ. മോഹനൻ, നിഹാസ്, നിസാർ, പഴവിള അനിൽ, നവാസ്, മനു, രാജു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട പരാതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. യു.ഡി,എഫ് സർക്കാരിന്റെ കാലത്താണ് സെന്ററിനെ സി.എച്ച്.സിയാക്കി ഉയർത്തുകയും നാല് ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കുകയും കെട്ടിടത്തിനു വേണ്ടി ഒരുകോടി അനുവദിക്കുകയും ചെയ്തത്. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ആശുപതിയുടെ നില മെച്ചപ്പെടുത്താൻ നടപടി വേണമെന്നാണ് ആവശ്യം.