തിരുവനന്തപുരം: എറണാകുളം വടുതല റെയിൽവേ മേല്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അലൈൻമെന്റ് ഉടൻ നിശ്ചയിക്കണമെന്ന് റെയിൽവേയോട് രേഖാമൂലം ആവശ്യപ്പെട്ടതായി മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. മേല്പാലത്തിനായി കിഫ്ബിയിൽ നിന്ന് 47.27കോടിക്ക് അനുമതിയായിരുന്നു. ഭൂമിയേറ്റെടുക്കലും പുരോഗമിച്ചു. സാമൂഹ്യാഘാത പഠനം നടത്തിയപ്പോൾ പാലത്തിനു രണ്ടുവശത്തും സർവീസ് റോഡ് നിർദ്ദേശിച്ചു. ഇതുപ്രകാരം മാറ്റിയ അലൈൻമെന്റ് ലാൻഡ് റവന്യൂ വകുപ്പിലയച്ചു. അപ്പോഴാണ് അപ്രോച്ച് റോഡിന്റെ അലൈൻമെന്റ് മാറ്റണമെന്ന് റെയിൽവേ നിർദ്ദേശിച്ചത്. ഇതുപ്രകാരം ഒമ്പത് നില കെട്ടിടവും അമ്പലത്തിന്റെ ഹാളും ഏറ്റെടുക്കേണ്ടി വരും. ഇത് അസാദ്ധ്യമാണ്. പുനപരിശോധിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. പച്ചാളം ഭാഗത്തെ അപ്രോച്ച് റോഡിന് രണ്ടുതരത്തിലുള്ള അലൈൻമെന്റ് തയ്യാറാക്കി റെയിൽവേയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ടി.ജെ.വിനോദിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.