തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്ത് താമസിക്കുന്നവർക്കിടയിൽ അനാവശ്യഭീതി ഉണ്ടാക്കരുതെന്നും ആരെയും ഒഴിപ്പിക്കേണ്ട സാഹചര്യം ഇപ്പോൾ ഉയർന്നുവന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഡാമിന് സമീപത്തുള്ളവരെ മാറ്റി പാർപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് സർക്കാർ രൂപീകരിച്ചിട്ടുണ്ടോ എന്ന് ഇ.എസ്.ബിജിമോൾ ചോദിച്ചപ്പോഴാണ് മുഖ്യന്ത്രിയുടെ മറുപടി.
മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച ആശങ്കകൾ മൂന്നംഗ സൂപ്പർവൈസറി കമ്മിറ്റിക്കു മുമ്പിലും കേന്ദ്ര ജലശക്തി മന്ത്രാലയം മുമ്പാകെയും ഉന്നയിച്ചിട്ടുണ്ട്. പറമ്പിക്കുളം ആളിയാർ കരാറനുസരിച്ച് 30 വർഷത്തിൽ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്നാണ് വ്യവസ്ഥയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരത്തു നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കരാർ പുനരവലോകനവുമായി സഹകരിക്കാനും ഇരു സംസ്ഥാനങ്ങളിലെയും വകുപ്പു സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. സംയുക്ത കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കാവേരിനദിയിൽ നിന്നും കേരളത്തിന് ലഭ്യമാകേണ്ട 30 ടി.എം.സി വെള്ളം നേടിയെടുക്കുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.