ആർക്കും പിടികൊടുക്കാത്ത നിരവധി ജീവികൾ ലോകത്തുണ്ട്. അത്തരത്തിൽ ഒന്നാണ് ജപ്പാനീസ് നാടോടിക്കഥകളിലെ സൂചിനോക്കോ (Tsuchinoko) എന്ന ജീവി. ഒരു വിചിത്ര സർപ്പമാണ് ഇത്. എന്നാൽ സാധാരണ പാമ്പുകളിൽ നിന്ന് ഏറെ വ്യത്യാസമുണ്ട്. 30 മുതൽ 80 സെന്റിമീറ്റർ വരെ മാത്രമേ ഇക്കൂട്ടർക്ക് നീളമുള്ളു. സാധാരണ പാമ്പിന്റേതു പോലുള്ള വാലും തലയും ഉണ്ടെങ്കിലും ശരീരത്തിന്റെ മദ്ധ്യഭാഗത്തിന് വലിപ്പം വളരെ കൂടുതലാണ്. അണലി വർഗത്തിൽപ്പെട്ട പാമ്പുകളുടേതുപോലെ പല്ലുകളും കൊടും വിഷവും ഇവയ്‌ക്കുണ്ട്. വളരെ അപകടകാരികളാണത്രെ ഇവ. പടിഞ്ഞാറൻ ജപ്പാനിലാണ് ഏറ്റവും കൂടുതൽ പേർ സൂചിനോക്കോയെ കണ്ടതായി അവകാശപ്പെട്ടിട്ടുള്ളത്. എന്നാൽ ആർക്കും സൂചിനോക്കോ സത്യമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. വടക്ക് - കിഴക്കൻ ജപ്പാനിൽ 'ബാചലി ഫെബി' എന്നാണ് സൂചിനോക്കോ അറിയപ്പെടുന്നത്. ഏകദേശം 1400 വർഷങ്ങൾക്കു മുമ്പ് തന്നെ ജപ്പാൻകാർക്കിടയിൽ സൂചിനോക്കോ പ്രചാരത്തിലുണ്ട്. വലിപ്പം കുറവാണെങ്കിലും മൂന്നടിവരെ ഉയരത്തിൽ സൂചിനോക്കോയ്‌ക്ക് കുതിച്ചു ചാടാനാകുമെന്നാണ് പലരും പറയുന്നത്. മറ്റൊരു രസകരമായ കാര്യം സൂചിനോക്കോയ്‌ക്ക് സംസാരിക്കാൻ കഴിയും എന്ന വിശ്വാസമാണ്. എന്നാൽ സൂചിനോക്കോയെ ഒട്ടും വിശ്വസിക്കാൻ പറ്റില്ലത്രെ. നാക്കെടുത്താൽ നുണ മാത്രമേ പറയാറുള്ളൂ ! വായുവിൽ കുതിച്ച് ചാടുന്ന സൂചിനോക്കോയ്‌ക്ക് വായുവിൽ നിന്ന് തന്നെ വീണ്ടും കുതിക്കാൻ കഴിയും. തീർന്നില്ല, കഥകൾ. സ്വന്തം വാൽ വിഴുങ്ങി ഒരു പന്ത് പോലെ ഉരുണ്ട് നടക്കുന്നത് സൂചിനോക്കോയുടെ ഇഷ്‌ട ഹോബിയാണ്. പർവത പ്രദേശങ്ങൾ, വനങ്ങൾ, നദീതടങ്ങൾ എന്നിവിടങ്ങളിൽ വസിക്കുന്ന സൂചിനോക്കോയ്‌ക്ക് ഇരുണ്ട ബ്രൗൺ, കറുപ്പ് നിറമാണ്. ഇവയുടെ കണ്ണുകൾക്കും കറുപ്പ് നിറമായതിനാൽ ഇരുണ്ട ശരീരവും കണ്ണുകളും വേർതിരിച്ചറിയാൻ പ്രയാസമാണ്. പാമ്പുകളെ പോലെയുള്ള ശീൽക്കാര ശബ്‌ദം സൂചിനോക്കോ പുറപ്പെുവിക്കാറില്ല. എന്നാൽ പക്ഷികളുടേത് പോലെ ഇവ ചിലയ്‌ക്കുമത്രെ. സൂചിനോക്കോ ഉറങ്ങുമ്പോൾ കൂർക്കം വലിക്കുമെന്നും കഥകളിൽ പറയുന്നു. സൂചിനേക്കോയെ പിടികൂടുന്നവർക്ക് വൻതുക പാരിതോഷികമായി നൽകുമെന്ന് ഒക്കെയാസയിലെ യോഷി പ്രവിശ്യയിലെ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.