ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ആർ.സി. സ്ട്രീറ്റിലെ കാട് കയറി തകർച്ചയുടെ വക്കിലെത്തിയ പ്ലാവോട്ട് തോപ്പ് കുളം നവീകരിക്കാൻ നടപടിയായി. കുളത്തിലെ ചെളിക്കെട്ട് നീക്കി ജലശ്രോതസ് നിലനിറുത്തും. അതിനായി അഡ്വ. എം. വിൻസെന്റ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും അനുവദിച്ചു. കുളത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കേരളകൗമുദി നിരവധി തവണ വാർത്തകൾ നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് എം.എൽ.എയുടെ നടപടി.
കർഷകർക്ക് ഏറെ ആശ്രയമായിരുന്ന ഈ നീരുറവ കഴിഞ്ഞ മൂന്ന് വർഷമായി തകർച്ചയുടെ വക്കിലായിട്ട്. രണ്ട് ഏക്കറോളം വിസ്തീർണമുള്ള കുളം കാടുകയറി കുളത്തിന്റെ സൈഡ് ഭിത്തികൾ ഇടിഞ്ഞ് ബലക്ഷയം നേരിടുകയാണ്. കുളത്തിൽ പടർന്നുകൂടിയ കാട്ടിൽ താവളമുറപ്പിച്ചിരിക്കുന്ന ഇഴജന്തുക്കൾ കാരണം രാത്രികാലങ്ങളിൽ ഇതുവഴി നടക്കാൻ പറ്റാതായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തിലെ ചെളി കോരിമാറ്റിയതല്ലാതെ മറ്റ് നവീകരണങ്ങൾ ഒന്നും നടന്നിട്ടില്ല.
മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് വേസ്റ്റുകളും കുളത്തിലേക്ക് നിക്ഷേപിക്കാൻ തുടങ്ങിയതോടെ നീരുറവയുടെ നിലനിൽപ്പിനെ ബാധിക്കാൻ തുടങ്ങി. മാലിന്യം കുന്നുകൂടാൻ തുടങ്ങിയതോടെ നാട്ടുകാർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതെയായി. അതോടെ കുളം കാട് മൂടി. ഇപ്പോൾ വൻതോതിലാണ് ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
മാലിന്യ നിക്ഷേപം ചൂണ്ടിക്കാട്ടി നാട്ടുകാരുടെ പരാതി ഉയർന്നതോടെയാണ് എം.എൽ.എ ഇടപെട്ട് കുളം നവീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. ബാലരാമപുരം പഞ്ചായത്തും കയർഫെഡ്ഡും ചേർന്ന് മിക്ക വാർഡുകളിലേയും കുളം സംരക്ഷിക്കാൻ പദ്ധതി കൊണ്ടുവന്നെങ്കിലും അത് പാടെ പരാജയപ്പെട്ടു. പഞ്ചായത്തിലെ ഭൂരിഭാഗം കുളങ്ങളും കാട്കയറി നശിക്കുകയാണ്. പ്ലാവോട്ട് തോപ്പ് കുളം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാബ്സും സെന്റ് സെബാസ്റ്റിൻ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കത്ത് നൽകിയിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥയാണ് മിക്ക കുളങ്ങളുടെയും നാശത്തിന് കാരണമെന്നും ആക്ഷേപമുയരുന്നു.