സാധാരണ കാണാറുള്ള മൂത്രാശയ പ്രശ്നങ്ങൾ കൂടുതൽ തവണ മൂത്രം പോവുക, മൂത്രം ഒഴിച്ചുതുടങ്ങാനുള്ള താമസം, ശക്തി കുറഞ്ഞ് മുറിഞ്ഞുപോവുക, രാത്രിയിൽ കൂടുതൽ തവണ പോവുക എന്നിവയാണ്. മൂത്രം വളരെ കൂടിയ അളവിൽ പോകുന്നതിന് പോളിയൂറിയ എന്നു പറയുന്നു. മൂത്രം ഒട്ടും പോകാതാവുക, കെട്ടിനിന്ന് കവിഞ്ഞ് ഒഴുകുക മുതലായവ ചില രോഗികളിൽ കാണാം.
മേൽപ്പറഞ്ഞ മൂത്രാശയ പ്രശ്നങ്ങളുടെ കാരണങ്ങൾ, പ്രോസ്റ്റേറ്റ് വീക്കം, മൂത്രനാളി അഥവാ യുറിത്രയിലെ വിവിധ ഭാഗങ്ങളിലെ തടസങ്ങൾ, സ്‌ത്രീകളിലെ സിസ്റ്റോസീൽ, മൂത്രാശയത്തിന്റെ അനിയന്ത്രിതമായ സങ്കോചങ്ങൾ, മൂത്രാശയത്തിന്റെ മാംസപേശിയുടെ തളർച്ച, മൂത്രാശയ രോഗാണുബാധ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ രോഗാണുബാധ, സ്ത്രീകളിൽ യുറിത്രൽ ഡൈവേർട്ടിക്കുല, പ്രോസ്റ്റേറ്റ് കാൻസർ, മൂത്രാശയ കാൻസർ, മൂത്രാശയത്തിലെ ഡൈവേർട്ടിക്കുല, മൂത്രാശയത്തിലെ കല്ല്, ഇന്റർ സ്റ്റീഷ്യൽസിസ്റ്റൈററ്റിസ് ഇവയാണ്.
ലിംഗത്തിന്റെ അഗ്രചർമ്മത്തിന്റെ രോഗാണുബാധ അഥവാ ബലനോപോസ്‌തൈറ്റിസ്, BXO മുതലായ അസുഖങ്ങൾ മൂത്രനാളിയുടെ അഗ്രഭാഗത്ത് തടസമുണ്ടാക്കാം. മൂത്രനാളിയിലെ അടവുകൾ സാധാരണയായി അപകടം മൂലമുള്ള ക്ഷതം, കത്തീറ്റർ ഇട്ട രോഗികൾ, എൻഡോസ്‌കോപി വഴിയുള്ള സർജറി മുതലായ സാഹചര്യങ്ങളിൽ ഉണ്ടാകും.
നാഡിസംബന്ധമായ അസുഖങ്ങൾ , നട്ടെല്ലിനുള്ള ക്ഷതം മുതലായ സാഹചര്യങ്ങളിൽ മൂത്രനിയന്ത്രണ മാംസപേശിയുടെ സങ്കോചം മൂത്രതടസം ഉണ്ടാകുന്നു.
സ്ത്രീകളിൽ മൂത്രാശയം വെളിയിലേക്ക് തള്ളിവരുന്ന അവസ്ഥ (സിസ്‌റ്റോസീൽ) മൂത്രതടസം ഉണ്ടാക്കാം. അടിവയറ്റിലെ മുഴകൾ സ്ത്രീകളിൽ മൂത്രതടസം ഉണ്ടാക്കാം. നാഡിവ്യവസ്ഥയുടെ അസുഖങ്ങൾ കൊണ്ട് മൂത്രസഞ്ചിയുടെ സങ്കോചങ്ങൾ മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഓവർ ആക്ടീവ് ബ്ളാഡർ മൂലവും മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാകും.
അനിയന്ത്രിതമായ പ്രമേഹം മൂലം ഡയബറ്റിക് സിസ്റ്റോപതി മൂത്രാശയത്തിന്റെ മാംസപേശികളിൽ തളർച്ച ഉണ്ടാക്കുന്നു. ഇതുമൂലം മൂത്രം കെട്ടിനിൽക്കുന്നു.
മലബന്ധം മൂലം മലം കെട്ടിനിൽക്കുന്നത് മൂത്രതടസം ഉണ്ടാക്കാം.
വിശദമായ രോഗചരിത്രം ചോദിച്ച് മനസിലാക്കുന്നത്, രോഗിയെ പരിശോധിക്കുന്നത് രോഗനിർണയത്തിന് പ്രധാനമാണ്.
ഡോ. എൻ. ഗോപകുമാർ
യൂറോളജിസ്റ്റ് &ആൻഡ്രോളജിസ്റ്റ്,
യൂറോ കെയർ,
ഓൾഡ് പോസ്റ്റ് ഓഫീസ് ലെയിൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേകോട്ട,
തിരുവനന്തപുരം.
ഫോൺ: 094470 57297.
drgopakumar@urology.com