general

ബാലരാമപുരം: രക്താർബുദം ബാധിച്ച് ഒരുവർഷമായി തീവ്രചികിത്സയിൽ കഴിയുന്ന താന്നിമൂട് താന്നിനിന്നവിള അജി- നിഷ ദമ്പതികളുടെ മകൾ അഭിരാമിയെ കൈപിടിച്ചുയർത്താനുള്ള ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ശിശുദിനത്തിൽ കുരുന്നുകൾ മുന്നിട്ടിറങ്ങും. എം.വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബാലരാമപുരം ഹയ‌ർസെക്കൻഡറി സ്കൂൾ പ്രഥമാദ്ധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും സംയുക്ത യോഗത്തിന്റേതാണ് ഈ തീരുമാനം. സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് രക്താർബുദം അഭിരാമിയെ പിടികൂടിയത്. അസുഖം മൂർച്ഛിച്ചതോടെ പഠനം പാതിവഴിയിലായി. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ അഭിരാമിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സാധിക്കുകയുള്ളൂ. ഭീമമായ തുക കണ്ടെത്താൻ നിർദ്ധന കുടുംബത്തിനാവില്ല. കുടുംബം നിസ്സഹായരായി ദിവസം തള്ളി നീക്കവെയാണ് ബാലരാമപുരം സ്കൂളിൽ രൂപീകരിച്ച ജനകീയ സമിതി സഹായവുമായി എത്തിയത്. സമീപത്തെ അമ്പതോളം സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരും പി.റ്റി.എ ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനകീയ സമിതി ജനറൽ കൺവീനർ ബൈജു നെല്ലിമൂട്,​ എൽ.മോഹനൻ,​ സ്കൂൾ പ്രിൻസിപ്പൽ അമൃതകുമാരി,​ പി.റ്റി.എ പ്രസിഡന്റ് ഹരിഹരൻ,​ അൽജവാദ് എന്നിവർ സംസാരിച്ചു.