
പൂവാർ: ദിവസവും നൂറുകണക്കിന് ടൂറിസ്റ്രുകൾ വന്നുപോകുന്ന പൂവാർ പൊഴിക്കരയിൽ സഞ്ചാരികളുടെ ജീവൻ കാക്കാൻ നിയോഗിച്ചിട്ടുള്ള ലൈഫ് ഗാർഡുകൾക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ യാതൊന്നുമില്ല. സ്കൂൾ കുട്ടികൾ മുതൽ അന്യ സംസ്ഥാനത്തുനിന്നുള്ളവരും വിദേശികളും ഇവിടെ എത്താറുണ്ട്. നെയ്യാർ നദി അറബിക്കടലിലോട് ചേരുന്നതും നദിയിൽ ബോട്ട് സവാരിക്കുമാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ഇവിടെ എത്തുന്നത്. എന്നാൽ നദിയിലും കടലിലും കുളിക്കാൻ ഇറങ്ങുന്ന പല സഞ്ചാരികളും അപകടത്തിൽ പെടുന്നത് പതിവാണ്. സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ ടൂറിസം ഡിപ്പാർട്ട്മെന്റ് 4 ലൈഫ് ഗാർഡുകളെയാണ് ഇവിടെ നിയോഗിച്ചത്. ഒരു ദിവസം രണ്ട് പേരെ ഡ്യൂട്ടിക്കിടും. എന്നാൽ വിദ്യാർത്ഥികൾ സംഘമായെത്തുമ്പോൾ അവരെ നിയന്ത്രിക്കാൻ 2 ലൈഫ് ഗാർഡുകൾക്ക് കഴിയാതെ വരും. നദിയിലും കടലിലും ഇവർ ഇറങ്ങും. തിരയിളക്കമുള്ളപ്പോൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയാലും ലൈഫ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് ഒഴിക്കിലേക്കിറങ്ങുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. അപകട ഭീതി ഒഴിവാക്കാൻ കൂടുതൽ ലൈഫ്ഗാഡുകളുടെ സേവനം ഇവിടെ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പൂവാർ പൊഴിക്കരയിൽ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് എലിഫന്റ് റോക്ക്. അടുത്തിടെ സംഘമായി എത്തിയ പ്ലസ്‌വൺ വിദ്യാർത്ഥികളിൽ ഒരാൾ എലിഫന്റ് റോക്കിന് സമീപം നീന്തുന്നതിനിടയിൽ ഒഴുക്കൽപ്പെട്ടു. ഇവിടെയാകട്ടെ ലൈഫ് ഗാർഡുകൾ ഇല്ലാത്ത സ്ഥലവും. ദൂരത്തുനിന്നും അവർ ഓടിയെത്തുമ്പോഴേക്കും ആളിന്റെ ജീവൻ പൊലിഞ്ഞിരിക്കും. പൊഴി മുറിഞ്ഞ് കിടക്കുന്ന സമയമാണെങ്കിൽ ഗാർഡുകൾക്ക് ഓടി എത്താനും കഴിയില്ല.
തീരത്ത് കടൽ കലിതുള്ളുമ്പോൾ അപായ സൂചന നൽകാൻ തീരത്ത് വലിച്ച് കെട്ടാനുള്ള വടം പോലും ഇവിടെയില്ല. ഗാർഡുകളുടെ സ്വയരക്ഷയ്ക്കുള്ള വൈഫ് ബോയ, റെസ്‌കിറ്റ് തുടങ്ങിയവയില്ലാതെയാണ് ഗാർഡുകൾ ഇവിടെ പ്രവർത്തിക്കുന്നത്. മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള ഫൈബർ കുടയും ലൈഫ് ഗാർഡുകൾക്കില്ല. തീരത്തെ മണൽപ്പരപ്പിൽ ടാർപോളിൻ വലിച്ചുകെട്ടി അതിന് കീഴെയാണ് ലൈഫ് ഗാർഡുകളുടെ വിശ്രമം. തങ്ങളുടെ യൂണിഫോം മാറാനോ ഭക്ഷണം കഴിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ വിശ്രമിക്കാനോ ഒരിടമില്ല. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലുകളുടെയും ഭാഗമായാണ് വസ്ത്രങ്ങൾ മാറാനും അത്യാവശ്യ ഉപകരണങ്ങൾ സൂക്ഷിക്കാനും പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ സൗകര്യമൊരുക്കിയത്. എന്നാൽ ഇതും ശാശ്വതമല്ല. 4 ലൈഫ്ഗാർഡുകളെ ഇവിടേക്ക് നിയോഗിച്ചു എന്നല്ലാതെ അവരുടെ സുരക്ഷയ്ക്കുള്ള ഒരു ക്രമീകരണവും നടത്തിയിട്ടില്ലെന്നതാണ് പരിതാപകരം.