ഇന്ത്യൻ ജനാധിപത്യത്തിനു ലഭിച്ച ഏറ്റവും അമൂല്യമായ വരദാനം ഏതെന്നു ചോദിച്ചാൽ ടി.എൻ. ശേഷൻ എന്ന ഉത്തരമാകും സംശയലേശമെന്യേ ലഭിക്കുക. അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ ഇംഗിതമനുസരിച്ചായിരുന്നു ശേഷൻ ഇലക്ഷൻ കമ്മിഷണറാകുന്നതിനു മുമ്പുള്ള തിരഞ്ഞെടുപ്പുകൾ. അധികാരത്തിലെത്തുന്നതിന് തിരഞ്ഞെടുപ്പുകളിൽ എന്ത് കൊള്ളരുതായ്മകളും കാട്ടാൻ മടികാട്ടാത്ത രാഷ്ട്രീയ കക്ഷികൾക്ക് കൂച്ചുവിലങ്ങ് വീണത് ശേഷൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായതോടെയാണ്. പ്രധാനമന്ത്രി ഉൾപ്പെടെ സർവരും മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറുടെ അധികാരപദവിക്കു മുന്നിൽ വണങ്ങി നിൽക്കേണ്ടിവന്നു. ഭരണഘടന തിരഞ്ഞെടുപ്പ് കമ്മിഷന് കല്പിച്ചു നൽകിയിട്ടുള്ള അധികാരങ്ങൾ വേണ്ട കാലത്തും സമയത്തും പ്രയോഗിക്കാനുള്ളതാണെന്ന് ശേഷൻ ബോദ്ധ്യപ്പെടുത്തി. ആരെയും കൂസാതെ തീർത്തും നിർഭയനായി നിയമത്തിൽ നിന്നു അണുവിട വ്യതിചലിക്കാതെ അദ്ദേഹം രാജ്യത്തെ തിരഞ്ഞെടുപ്പ് രംഗം ആകമാനം ശുദ്ധീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു.
ഇന്ന് കാണുന്ന വിധത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നിലവിൽ വരാൻ പ്രധാന കാരണക്കാരൻ ശേഷൻ തന്നെയാണ്. എൺപത്തേഴാമത്തെ വയസിൽ ചെന്നൈയിലെ വസതിയിൽ രോഗത്തോട് മല്ലടിച്ച് ഞായറാഴ്ച ഇൗ ലോകത്തോട് വിടപറഞ്ഞ ശേഷൻ ആദർശശുദ്ധിയും സത്യസന്ധതയും കർമ്മകുശലതയും ഒരുപോലെ ഒത്തിണങ്ങിയ ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഒൗദ്യോഗിക രംഗത്ത് കണിശക്കാരനായതിന്റെ പേരിൽ ധാരാളം ശത്രുക്കളെ സൃഷ്ടിച്ചിരുന്ന ശേഷന്റെ ഉദ്ദേശ്യശുദ്ധിയെ അധികമാർക്കും ചോദ്യം ചെയ്യാനാവില്ല. അത്രയധികം ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടിയാണ് ഒൗദ്യോഗിക കാലത്തുടനീളം അദ്ദേഹം രാജ്യത്തെ സേവിച്ചത്.
ചന്ദ്രശേഖർ സർക്കാരിന്റെ കാലത്ത് 1990 ഡിസംബർ 12ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായ ടി.എൻ. ശേഷൻ 1996 ഡിസംബർ 11ന് തത്സ്ഥാനത്തുനിന്ന് വിരമിക്കുന്നതുവരെയുള്ള ആറുവർഷമാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ അടിമുടി മാറ്റങ്ങളുണ്ടായത്.തിരഞ്ഞെടുപ്പ് കമ്മിഷണർ വെറുമൊരു ഒൗദ്യോഗികപദവി മാത്രമല്ലെന്നും വമ്പിച്ച അധികാരങ്ങൾ കൈയാളുന്ന ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനാണെന്നും ജനങ്ങളും രാഷ്ട്രീയകക്ഷികളും കേന്ദ്ര, സംസ്ഥാന സർക്കാരുകളും തിരിച്ചറിഞ്ഞത് ശേഷന്റെ കാലത്താണ്. നാമനിർദ്ദേശപത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർക്കശ നിയന്ത്രണത്തിലായി. അതുവരെ പിന്തുടർന്നു പോന്ന പലതിനും മാറ്റംവന്നു. പ്രചാരണരംഗത്ത് അനാശാസ്യമായി നിലനിന്ന പലതിനും വിലക്കുണ്ടായി. ചുവരെഴുത്ത്, പാതിരാത്രിയിലേക്കും നീളുന്ന പ്രചാരണം, തിരഞ്ഞെടുപ്പ് നാളുകളിലെ മദ്യവില്പന തുടങ്ങി പലതിനും നിരോധനം വന്നു. വോട്ടർമാരെ സ്വാധീനിക്കാൻ പ്രത്യക്ഷമായും പരോക്ഷമായും പ്രചാരണ തന്ത്രങ്ങൾ സ്വീകരിച്ചാൽ കുടുങ്ങുമെന്ന നിലവന്നതും ശേഷന്റെ കാലം മുതലാണ്. തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കണ്ടുവന്നിരുന്ന കള്ളവോട്ടിന് അറുതിവന്നത് വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകിയതോടെയാണ്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾ ഇലക്ഷൻ കമ്മിഷന് നിശ്ചിത സമയത്തിനകം സമർപ്പിക്കണമെന്നും നിശ്ചിത പരിധിക്കപ്പുറം ചെലവ് കൂടരുതെന്നുമുള്ള നിഷ്കർഷ കർക്കശമാക്കിയത് ശേഷനാണ്. അതുപോലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലുടൻ സർക്കാരുകൾക്ക് പെരുമാറ്റച്ചട്ടം കർശനമാക്കിയതും അദ്ദേഹമാണ്. സ്ഥാനാർത്ഥികൾ ഒൗദ്യോഗിക പദവികളും സൗകര്യങ്ങളും പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഉച്ചഭാഷിണി ഉപയോഗത്തിനുപോലും നിയന്ത്രണം വന്നതോടെ ജനങ്ങൾക്കു കൈവന്ന ആശ്വാസം ചെറുതൊന്നുമല്ല. നിബന്ധനകൾ പാലിക്കാൻ മടികാണിച്ച സ്ഥാനാർത്ഥികളെ തുടർന്ന് മത്സരിക്കുന്നതിൽ നിന്ന് വിലക്കാനുള്ള നിയമം നടപ്പിലായതും ശേഷന്റെ കാലത്താണ്. എല്ലാ വോട്ടർമാർക്കും ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് കാർഡ് എന്ന തന്റെ ആശയം നടപ്പാക്കാൻ ശേഷന് അന്നത്തെ കേന്ദ്രസർക്കാരുമായി ശരിക്കും മല്ലിടേണ്ടിവന്നിട്ടുണ്ട്. ശേഷന്റെ തീരുമാനത്തിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. കോടതി കേന്ദ്രത്തിന് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ശേഷന്റെ ആശയം സർക്കാരിന് പിന്നീട് നടപ്പിലാക്കേണ്ടിവന്നു.
ആർക്കും വഴങ്ങാത്ത പ്രകൃതം കാരണം സർക്കാരിലും ഒൗദ്യോഗിക രംഗത്തും ധാരാളം ശത്രുക്കളെ സൃഷ്ടിച്ചിരുന്നു. ശേഷന്റെ അധികാരങ്ങൾക്ക് ഇലക്ഷൻ കമ്മിഷനിൽ കൂടുതൽ അംഗങ്ങളെ നിയമിച്ചു കൊണ്ടാണ് കേന്ദ്രം തടയിട്ടത്. ഇതുകൊണ്ടൊന്നും അദ്ദേഹം തരിമ്പും തലതാഴ്ത്തിയില്ലെന്നത് ചരിത്രം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽനിന്ന് വിരമിക്കുന്നതുവരെ താൻ ഏറ്റെടുത്ത ദൗത്യം ഏറ്റവും ഭംഗിയായിത്തന്നെ അദ്ദേഹം നിറവേറ്റി. എതിർപ്പുകളും വിമർശനങ്ങളും കല്ലേറും ധീരമായും ആർജ്ജവത്തോടും കൂടി നേരിട്ടു. അനന്യസാധാരണമായ വ്യക്തിത്വ വിശേഷത്തിനുടമയായ ശേഷന്റെ ഒൗദ്യോഗിക ജീവിതത്തിലെ ഏറ്റവും തിളക്കമേറിയതും രാജ്യം എന്നെന്നും ഒാർമ്മിക്കുന്നതുമായ കാലഘട്ടമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്തിരുന്ന ആറുവർഷം.
പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ പിറന്ന ടി.എൻ. ശേഷൻ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്റെ സതീർത്ഥ്യനും സഹപാഠിയുമായിരുന്നു. ഉന്നത പഠനത്തിനായി ഇരുവരും രണ്ടുവഴിക്ക് തിരിയുകയായിരുന്നു. ഒൗദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷൻ 1997 ൽ കെ.ആർ. നാരായണനെതിരെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത് അദ്ദേഹത്തെ അറിയാവുന്നവരെ അദ്ഭുതപ്പെടുത്തിയ സംഭവമാണ്. ഇതിനായി ശിവസേനയുടെ പിന്തുണ തേടിയതും വിരോധാഭാസമായി തോന്നി. ഒരുവർഷം മുൻപ് ഭാര്യയുടെ മരണത്തോടെ ഒറ്റപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മക്കളില്ലാത്തതിന്റെ ഒറ്റപ്പെടലും വാർദ്ധക്യജീവിതത്തെ ദുരന്തമാക്കി. രോഗപീഡകൾ കൂടിയായതോടെ ഏതാണ്ടൊരു വിസ്മൃത ലോകത്തായിരുന്നു ഒരുകാലത്ത് ഇന്ത്യക്കാരുടെ മുഴുവൻ ആരാധനാപാത്രമായ ടി.എൻ. ശേഷന്റെ അവസാന നാളുകൾ. ഏതു തിരഞ്ഞെടുപ്പ് വരുമ്പോഴും ജനം ആദ്യം ഒാർക്കുന്ന നാമം ഇപ്പോഴും ശേഷന്റേതു തന്നെയാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം ലോകോത്തര പ്രശംസ നേടിയെടുത്തതിന് പിന്നിലും ധിഷണാശാലിയായ ശേഷൻ തന്നെയാണുള്ളത്.