നിയമസഭയിൽ ധനമന്ത്രിയുടെ പ്രഖ്യാപനം

ഇടുക്കി: കുട്ടനാട് മാതൃകയിൽ സമഗ്ര ഇടുക്കി പുനർനിർമ്മാണ പാക്കേജ് തയാറാക്കാൻ ആസൂത്രണ ബോർഡിന് നിർദേശം നൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അറിയിച്ചു. ഇടുക്കി പുനർനിർമ്മാണത്തിനും വികസനത്തിനുമായി സമഗ്ര പാക്കേജ് വേണമെന്ന റോഷി അഗസ്റ്റിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സമഗ്രതല സ്പർശിയായ മേഖലാ വികസന പരിപാടിയായിട്ടാണ് 5,000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചതെന്നു മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങൾ, കിഫ്ബി, റീബിൽഡ് കേരള തുടങ്ങിയ വിവിധ സ്രോതസുകളിൽ നിന്നു നടപ്പു സാമ്പത്തിക വർഷം 1500 കോടി രൂപ കണ്ടെത്തി ഇടുക്കി പാക്കേജിന് വകയിരുത്തുകയാണു സർക്കാർ ലക്ഷ്യം.

ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന നെയ്യാശേരി തോക്കുമ്പൻ സാഡിൽ റോഡ്, ചെമ്മണ്ണാർ ഗാപ് റോഡ് എന്നിവയും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 144.84 കിലോമീറ്റർ ദൈർഘ്യമുള്ള 55 റോഡുകളും പുനർനിർമിക്കും.

ജീവനോപാധി വികസനവുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ കുടുംബശ്രീ പദ്ധതികളിൽ നിന്ന് ആനൂപാതികമായ ആനൂകൂല്യം ഇടുക്കിയിലെ കുടംബശ്രീ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കും.


ഏലം കയറ്റുമതിയുമായി ബന്ധപ്പെട്ട കാർഡോ നെറ്റ് പദ്ധതി, വിഎഫ്പിസി നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതി, ആഗ്രോ ഇക്കോളജിക്കൽ സോണുകൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്റർഗ്രേറ്റഡ് ഫാം മാനേജ്‌മെന്റ് തുടങ്ങിയവ കാർഷിക മേഖലയ്ക്ക് ഇടുക്കിയ്ക്ക് ഗുണം ചെയ്യും. കാളിയാറിലെ പരുത്തിപ്പുഴ ചെക്കുഡാമിന്റെ തീര സംരക്ഷണ പ്രവർത്തനങ്ങൾ, ദേവിയാർ തോടിലെ എക്കൽ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഉന്നതാധികാര സമിതി അംഗീകാരം നൽകി. മറ്റു വകുപ്പുകളും അവയുടെ പദ്ധതികളും തയാറാക്കി വരുന്നതായും മന്ത്രി അറിയിച്ചു.