തിരുവനന്തപുരം: ചാത്തമ്പറ പറങ്കിമാംവിള-മണമ്പൂർ- കടുവയിൽ പള്ളി റോഡ് നവീകരണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്ന് മന്ത്റി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഈ റോഡിന്റെ നവീകരണത്തിന് ബഡ്ജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. 60 ലക്ഷം രൂപ ഇപ്പോഴുണ്ട്. ആറ് കിലോമീറ്ററുള്ള റോഡിൽ ഒരു പാലവും പുതുക്കിപ്പണിയേണ്ടതുണ്ട്. 9 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു തയ്യാറാക്കിയിരുന്നത്. ബഡ്ജറ്റിൽ വകയിരുത്തിയ തുക 2.5 കിലോമീറ്റർ റോഡിനേ തികയൂ. ഈ സാഹചര്യത്തിൽ എസ്റ്റിമേറ്റ് പുതുക്കാൻ ആവശ്യപ്പെട്ടു. അത് ലഭിക്കുന്ന മുറയ്ക്ക് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ബി. സത്യന്റെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു.