photo

നെടുമങ്ങാട്: ബസിൽ യാത്രക്കാരന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ട പെൻഷൻ തുക ഉടമയെ കണ്ടെത്തി തിരികെ ഏല്പിച്ച് കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ ജീവനക്കാർ. കെ.എസ്.ഇ.ബി.യിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച വിതുര സ്വദേശി എസ്. അബ്ദുൽ ജലീലിന്റെ ബാഗാണ് യാത്രക്കിടയിൽ ബസിൽ നഷ്ടപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പൊന്മുടിയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ യാത്രക്കാരനായിരുന്ന അബ്ദുൽ ജലീൽ ബസിലിരുന്ന് ഉറക്കത്തിനിടെയാണ് ബാഗ് കൈമോശം വന്നത്. 36,000 ബാഗിൽ ഉണ്ടായിരുന്നു. വിതുര എത്തിയപ്പോൾ ഇദ്ദേഹം ഇറങ്ങുകയും ചെയ്തു. നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടർ എം. അനീഷും ഡ്രൈവർ എച്ച്. അനിൽകുമാറും ബാഗ് കണ്ടെടുത്ത് ഡിപ്പോ അധികൃതർക്ക് കൈമാറുകയായിരുന്നു. പൊൻ‌മുടിയിൽ പോയി മടങ്ങി നെടുമങ്ങാട് ഡിപ്പോയിൽ യാത്ര അവസാനിപ്പിച്ചപ്പോഴാണ് ബസിനുള്ളിൽ കിടന്ന ബാഗ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. നെടുമങ്ങാട് ഡി.ടി.ഒ സുരേഷ്‌കുമാർ തിരുവനന്തപുരം എസ്.ബി.ഐ മാനേജരെ ഫോണിൽ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതരാണ് അബ്ദുൽ ജലീലിനെ തിരിച്ചറിഞ്ഞ് ഡിപ്പോയിലേയ്ക്ക് അയച്ചത്. അനീഷിന്റെയും അനിൽകുമാറിന്റെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ പണമടങ്ങിയ ബാഗ് അബ്ദുൽ ജലീലിന് ഡി.ടി.ഒ കൈമാറി.