
ആറ്റിങ്ങൽ: രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് ഡൽഹിയിലെ മൂൾചന്ദ് ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ച ഇന്തോ തിബറ്റൻ ബോർഡർ സേനയിലെ ഹവിൽദാർ രാജീവിന് ജന്മനാടിന്റെ യാത്രാമൊഴി. ആറ്റിങ്ങൽ പച്ചംകുളം കിഴക്കുപുറം രാധേയത്തിൽ പരേതരായ ശശിധരൻനായരുടെയും രാധമ്മയുടെയും മകനായ രാജീവ് (44) കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ഭാര്യ: ബബിദ. മക്കൾ: അനാമിക, അനഘ. സഹോദരങ്ങൾ: രാജേഷ്, രതീഷ്.
അടുത്ത വർഷം ഐ.ടി.ബി.ബിയുടെ നൂറനാട് സൈനിക കേന്ദ്രത്തിലേക്ക് സ്ഥലംമാറി വരുമെന്നും ഒരുവർഷത്തിനകം വിരമിച്ച് നാട്ടിലെത്തി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമാകുമെന്നും കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോൾ രാജീവ് കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് കമാൻഡോ പരിശീലനം നേടിയശേഷം രാജീവ് 11 വർഷത്തോളം എസ്.പി.ജിയിൽ സേനമനുഷ്ഠിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സോണിയാഗാന്ധി, രാഹുൽഗാന്ധി എന്നിവരുടെ സുരക്ഷാസേനയിൽ രാജീവ് പ്രവർത്തിച്ചിട്ടുണ്ട്. സെപ്‌തംബർ 23ന് ജോലിക്കിടെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് രാജീവ് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഡൽഹിയിലെ സപ്‌തർ ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിറ്റേന്ന് മൂൾചന്ദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം 10ഓടെ ആറ്റിങ്ങലെത്തിച്ചു. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം രാജീവ് പഠിച്ചിരുന്ന ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസ്, പാരലൽ കോളേജായ കോളേജ് ഒഫ് ഇംഗ്ലീഷ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ചു. ജോലി സ്ഥലത്തും നാട്ടിലും എപ്പോഴും ചിരിക്കുന്ന മുഖത്തോടെ കാണുന്ന രാജീവിന്റെ ചേതനയറ്റ ശരീരം കണ്ട് ബന്ധുക്കളും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ 12.30ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സ്വന്തം വീട്ടിലെ സ്ഥലപരിമിതി കാരണം ഇളയ സഹോദരന്റെ വീട്ടുവളപ്പിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. ആലപ്പുഴ നൂറനാട് ഐ.ടി.ബി.പി സൈനിക ക്യാമ്പിൽ നിന്നെത്തിയ അസിസ്റ്റൻഡ് കമാൻഡന്റ് സി.പി. ജഗദീശ്, സുബേദാർ മേജർ കൈലാഷ്ചന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗാർഡ് ഓഫ് ഓർണർ നൽകി.
ഫോട്ടോ: രാജീവ്