kiifb

തിരുവനന്തപുരം: പദ്ധതികളെല്ലാം വിഴുങ്ങുന്ന കിഫ്ബിയിലെ ബകനെപ്പറ്റി മന്ത്രി ജി. സുധാകരൻ പറഞ്ഞത് ധനമന്ത്റി തോമസ് ഐസക്കിനെ ഉദ്ദേശിച്ചാണെന്ന് ഇപ്പോൾ മനസിലായെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. തദ്ദേശ സ്ഥാപന പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തും മുമ്പാണ് ഇക്കാര്യം പറഞ്ഞത്.കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ പദ്ധതികൾ വെട്ടിവിഴുങ്ങുന്ന ബകനാണെന്നു കഴിഞ്ഞ ദിവസം മന്ത്റി ജി. സുധാകരൻ ആരോപിച്ചിരുന്നു. സുധാകരൻ സഭയിൽ ഉണ്ടായിരുന്നെങ്കിലും നിഷേധിക്കാനോ പ്രതികരിക്കാനോ തയ്യാറായില്ല. തോമസ് ഐസക്കും മറുപടി നൽകിയില്ല. ജി. സുധാകരൻ ചൂണ്ടിക്കാട്ടിയതു പോലെ, ധനവകുപ്പ് എല്ലാ പദ്ധതിയും വെട്ടിവിഴുങ്ങുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ.സി. ജോസഫും പറഞ്ഞു.