bribe-case

തിരുവനന്തപുരം: രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കൊല്ലം കടയ്ക്കലിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ ഡോക്ടർക്ക് മൂന്നുവർഷം തടവും 50,000 രൂപ പിഴയും. ഡോ. റിനു അനസ് റാവുത്തറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. കൊല്ലം ചിതറ സ്വദേശിയായ നിസാറുദീന്റെ ഭാര്യ റസീന ബീവിയെ പ്രസവത്തിനായി 2011ൽ കടയ്ക്കൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം അവിടെ ഗൈനക്കോളജി വിഭാഗം ജൂനിയർ ഡോക്ടർ ആയിരുന്ന റിനു അനസ് സിസേറിയൻ നടത്തുന്നതിനു 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിക്ക് സമീപം റിനു പ്രൈവ​റ്റ് പ്രാക്ടീസ് നടത്തുന്ന മുറിയിൽ വച്ചാണ് പണം വാങ്ങിയത്. വിജിലൻസ് ഡിവൈ.എസ്.പി റെക്‌സ് ബോബി അരവിൻ ഈ സമയം റിനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. ദക്ഷിണമേഖല വിജിലൻസ് സൂപ്രണ്ടായ ജയശങ്കറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കു​റ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പനുസരിച്ചാണ് മൂന്നു വർഷം തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.