ആറ്റിങ്ങൽ: കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിൽ പി.എസ്.സി പരീക്ഷ നടത്തി വർഷം ഒന്നു കഴിഞ്ഞിട്ടും ഇതുവരെ റിസൾട്ട് പുറപ്പെടുവിച്ചില്ലെന്ന് പരാതി. ഇതുകാരണം കെ.എസ്.ഇ.ബിയുടെ സ്മാർട്ട് മീറ്റർ റീഡിംഗ് പദ്ധതി അവതാളത്തിലായി. ഇപ്പോൾ കരാർ അടിസ്ഥാനത്തിലാണ് മീറ്റർ റീഡിംഗ് നടക്കുന്നത്. ആയിരത്തോളം വേക്കൻസിയുള്ള ഈ തസ്തികയിൽ പരീക്ഷാ ഫലംപോലും പ്രസിദ്ധീകരിക്കാതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണെന്നാണ് പരീക്ഷ എഴുതിയവർ പരാതിയിൽ പറയുന്നു.

കരാർ തൊഴിലാളികളെ പുറം വാതിൽ നിയമത്തിലൂടെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുകയാണെന്നും ആരോപണമുണ്ട്. ബോർഡ് പച്ചക്കൊടി കാട്ടാത്തതിനാലാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയാത്തതെന്നാണ് പി.എസ്.സിയിൽ നിന്നും ലഭിച്ച രഹസ്യ വിവരമെന്ന് പരീക്ഷയെഴുതിയവർ പറഞ്ഞു. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്കും മറ്റ് സർക്കാർതല ഉദ്യോഗസ്ഥർക്കും ഉദ്യോഗാർത്ഥികൾ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലത്രേ.

അടിയന്തരമായി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉദ്യോഗാർത്ഥികളുടെ അവകാശം സംരക്ഷിക്കണമെന്നും അല്ലാത്ത പക്ഷം നിരാഹാര സമരം ഉൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.