secretariate

പണം വീതം വയ്ക്കുന്നതിൽ ധനമന്ത്രി തോമസ് ഐസക് അതിവിദഗ്ദ്ധനാണ്. അഞ്ചപ്പവും ഒരു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയാലും മീനും അപ്പവും മിച്ചം വരുത്താനുള്ള ജാലവിദ്യയൊക്കെയാണ് അദ്ദേഹത്തിന് വശം. അടുത്തിടെയായി ചില്ലറ പരാധീനതകൾ ഐസക്കിനെ വല്ലാതെ അലട്ടുന്നുണ്ട്. കേന്ദ്രം വായ്പാപരിധി വെട്ടിക്കുറച്ച് 6500 കോടിയുടെ നഷ്ടമുണ്ടാക്കിക്കൊടുത്തു. എന്നിട്ടും ആ പരാധീനതകളെ തട്ടിയകറ്റിക്കൊണ്ട് ത്രിതല പഞ്ചായത്തുകൾക്ക് രൊക്കം പണം കൊടുത്തുതീർക്കാനും അതും കഴിഞ്ഞ് 20 ശതമാനം കൂടുതൽ പണം കൊടുക്കാനുമെല്ലാമുള്ള പ്ലാൻ ബി ആണ് അദ്ദേഹം ആസൂത്രണം ചെയ്തുവരുന്നത്.

ഇങ്ങനെയൊക്കെ ചെയ്യുന്ന ഐസക്കിന്, 'കപടലോകത്ത് ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' എന്ന് വിലപിക്കേണ്ടി വരുന്നുണ്ടോ? നിയമസഭയിലെ പ്രതിപക്ഷത്തിന്റെ കുത്തുവാക്കുകൾ കേട്ടാൽ അങ്ങനെ കരുതേണ്ടിവരും. ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതം വെട്ടിച്ചുരുക്കി പദ്ധതിപ്രവർത്തനങ്ങളെയാകെ സ്തംഭനാവസ്ഥയിലാക്കിയെന്നാണ് അടിയന്തരപ്രമേയനോട്ടീസിലൂടെ കെ.സി. ജോസഫ് ആരോപിച്ചത്. കഴിഞ്ഞ വർഷത്തെ പദ്ധതിവിഹിതത്തിൽ കുടിശികയാക്കിവച്ച ബില്ലുകൾ, ഈ വർഷത്തെ വിഹിതത്തിൽ നിന്നെടുത്ത് കൊടുത്ത് പഞ്ചായത്തുകളെ കുഴപ്പത്തിലാക്കുന്നുവെന്നാണ് ആക്ഷേപം.

അങ്ങനെയൊന്നും വല്ലാതെ ആശങ്കപ്പെടേണ്ടെന്ന് ഐസക് പ്രതിപക്ഷത്തെ സമാധാനിപ്പിക്കാൻ നോക്കി. ഇക്കൊല്ലത്തെ പദ്ധതിച്ചെലവ് 30 ശതമാനത്തിലെത്തിച്ചത് പോലും കഴിഞ്ഞകൊല്ലത്തെ ബാക്കിയായ ബില്ലുകളൊപ്പിച്ചാണെന്നായി പ്രതിപക്ഷം. അതല്ലാതെന്ത് വഴിയെന്ന് ഈ ഘട്ടത്തിൽ ഐസക്കിന് ചോദിക്കേണ്ടിവന്നു!

ചങ്ക് പറിച്ചെടുത്ത് ആത്മാർത്ഥത കാട്ടിയാലും ബകാസുരന്റെ വേഷം കെട്ടാനുള്ള തലവിധി ധനകാര്യമന്ത്രിമാർക്ക് മാത്രം അവകാശപ്പെട്ടതായത് കൊണ്ട് സഭയിൽ ബകാസുരവേഷം ആടാൻതന്നെ തോമസ് ഐസക്കും വിധിക്കപ്പെടുകയുണ്ടായി. താങ്ക്സ് ടു കവിമന്ത്രി ജി. സുധാകരൻ. ബകാസുരനെന്ന 'മാലോപമ'യ്ക്ക് ഐസക് മന്ത്രി പ്രതിപക്ഷത്തിന് പാത്രമായിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞദിവസം സുധാകരമന്ത്രിയുടെ സംഭാവന കൊണ്ട് മാത്രമാണ്. എല്ലാം വെട്ടിവിഴുങ്ങുന്ന ബകനാര് എന്ന് തങ്ങൾക്കിപ്പോൾ മനസിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഐസക്കിനെ സാക്ഷ്യപ്പെടുത്തി.

പി.സി. ജോർജ് പുലിയാണെങ്കിൽ ഇ.എസ്. ബിജിമോൾ ചീറ്റപ്പുലിയാണെന്ന് സഭയ്ക്ക് ബോദ്ധ്യപ്പെട്ടു. സ്ത്രീസമത്വത്തിനായി വാദിക്കുന്നവരെല്ലാം പുരുഷനെന്നാൽ ചവിട്ടിത്തേക്കപ്പെടേണ്ടവനാണ് എന്ന് വാദിക്കുന്നവരാണെന്നാണ് ജോർജിന്റെ മാത്രമായ ചില തോന്നലുകളിലൊന്ന്. അതിനാൽ അതിനോട് അദ്ദേഹത്തിന് യോജിക്കാനാവുന്നില്ല. സ്ത്രീസമത്വം സ്ത്രീകൾക്ക് അഴിഞ്ഞാടാനാവരുതെന്ന് അദ്ദേഹം സ്വന്തം സിദ്ധാന്തം മുന്നോട്ടുവച്ചതോടെ ബിജിമോൾ ചീറിയടുത്തു. ഇദ്ദേഹം ഒരുപാട് സ്ഥലങ്ങളിൽ കയറിയിറങ്ങി പലതും പറഞ്ഞ് നടക്കുന്നുണ്ടാവും, സ്ത്രീവിരുദ്ധപരാമർശങ്ങളൊന്നും രേഖയിലുണ്ടാവരുത് എന്ന് ബിജിമോൾ കട്ടായം പറഞ്ഞു. ഞാനൊരിടത്തും പോയിട്ടില്ല, ബിജിമോളുടെ വീട്ടിലും പോയിട്ടില്ല, ബിജിമോളുടെ നാണംകെട്ട പാർട്ടിയിലേക്കുമില്ല എന്നാണ് ജോർജിന്റെ മറുപടി. സണ്ണിജോസഫ്, പ്രതിഭ തുടങ്ങിയവരുടെ പിന്തുണ ബിജിമോൾക്കുണ്ടായതോടെ, അഴിഞ്ഞാട്ടപ്രയോഗം രേഖയിൽ നിന്ന് നീക്കിക്കോളാൻ ജോർജ് വഴങ്ങി. പുലിക്കും അങ്ങനെ ചില അന്തരാളഘട്ടങ്ങളിൽ എലിയാവേണ്ടിവരും. അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ഭേദഗതിബിൽ ചർച്ചയിൽ സ്ത്രീസ്വാതന്ത്ര്യത്തിലേക്ക് ചർച്ച വഴിതിരിച്ചുവിട്ടത് മന്ത്രി എ.കെ. ബാലനാണ്. സൗദിയിലെ സ്ത്രീകളിലുണ്ടായ വലിയ മാറ്റത്തെ ആചാരങ്ങളിലുണ്ടായ മാറ്റമായി അദ്ദേഹം വിവരിച്ചപ്പോൾ മന്ത്രി അവിടെയെത്തിയതോടെ അവിടെ നവോത്ഥാനം വിരിഞ്ഞോയെന്ന സംശയം കെ.എൻ.എ. ഖാദറിലുമുണ്ടായി. അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ഭേദഗതിബില്ലിന് പുറമേ വെറ്ററിനറി സർവകലാശാലാ ഭേദഗതിബില്ലും ധനവിനിയോഗബില്ലും പാസാക്കിയാണ് സഭ പിരിഞ്ഞത്.