തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിക്കാൻ കാരണമായ അപകടമുണ്ടായത്
പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടും അപകടകരമായും വാഹനം ഓടിച്ചതു കൊണ്ടാണെന്ന് പൊലീസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. നിയമസഭയിൽ പറഞ്ഞു. എന്നാൽ, ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
അപകടത്തിന് കാരണക്കാരായവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് പൊലീസാണ്. ശ്രീറാമിന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്കും സഹയാത്രിക വഫ ഫിറോസിന്റെ ലൈസൻസ് മൂന്നു മാസത്തേക്കും സസ്പെൻഡ് ചെയ്തു. അപകടം സംബന്ധിച്ച മറ്റു റിപ്പോർട്ടുകളൊന്നും ഗതാഗത വകുപ്പിൽ ലഭ്യമല്ലെന്നും പി.കെ ബഷീറിനെ മന്ത്രി അറിയിച്ചു.
ആഗസ്റ്റ് മൂന്നിന് പുലർച്ചയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ മരിച്ചത്. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകി.
സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ശ്രീറാമിനെ സർക്കാർ സസ്പെന്റ് ചെയ്തു. കാരണം കാണിക്കൽ നോട്ടീസും നൽകി.. എന്നാൽ ,.മദ്യപിച്ച് വാഹനമോടിച്ചില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വിശദീകരണം.
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലവാധി 60 ദിവസത്തിനുളളിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. ഒക്ടോബർ നാലിന് ചേർന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സസ്പെൻഷൻ 60 ദിവസം കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.