തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ ക്ലബായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവർത്തക പാർവതി മോഹൻ ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം ക്ലബിലെത്തിയവർ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് മൃഗസംരക്ഷണ പ്രവർത്തകരുടെ ആരോപണം. മദ്യപാനവും ചീട്ടുകളിയും പതിവായ ക്ലബിലെ സന്ദർശകരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് ആരോപണം. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവർ ഇത്തരം സംഭവങ്ങളും ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രത്തോടൊപ്പമാണ് ഫേസ്ബുക്കിൽ വിഷയം പങ്കുവച്ചത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മൃഗാവകാശ പ്രവർത്തകരായ ലത ഇന്ദിര, പാർവതി മോഹൻ എന്നിവരുടെ പരാതിയിന്മേൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. പരാതിക്കാരുടെ ആവശ്യപ്രകാരം പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.