പാറശാല: ദേശീയ പാതയിലെ അപകടക്കുഴികൾ നികത്തൽ പ്രഹസനമായി മാറുന്നതായി പരാതി. കളിയിക്കാവിള മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭാഗം അവിടവിടെയായി തകർന്ന് അപകടക്കുഴികൾ നിറഞ്ഞ രീതിയിലാണ്. ഇത്തരം കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായി മാറി. നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും പരാതികൾ വ്യാപകമായതോടെ അധികൃതർ അപകടക്കുഴികൾ അടയ്ക്കാൻ ഒരു കോടിയോളം രൂപ അനുവദിച്ചെന്നാണ് അറിയുന്നത്. എന്നാൽ ഇത്രയും തുക ഉപയോഗിച്ച് എന്ത് പണി ചെയ്തു എന്നാണ് നാട്ടുരകാരുടെ ചോദ്യം. പണികൾ പലതും നടക്കുന്നത് രാത്രിയുടെ മറവിലാണെന്നാണ് പ്രധാന ആക്ഷേപം. പണി നടത്തിക്കുന്നതിന് അധികൃതരുടെ സാന്നിദ്ധ്യം ഉറപ്പാക്കാക്കേണ്ടതില്ല എന്നതിനാൽ പലയിടത്തും ഇനിയും കുഴികൾ അടയ്ക്കാനുണ്ട്. ടാർ നിരത്തിയ കുഴികളാണെങ്കിൽ റോഡ് റോളർ ഉപയോഗിച്ച് നിരത്താത്തതിനാൽ നിരപ്പില്ലാത്ത അവസ്ഥയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റലുകൾ ഇളകി റോഡ് പഴയ പടിയാകും. ഇത്തരത്തിൽ പ്രഹസനത്തിനു മാത്രമായി എന്തിനാണ് ഇത്രയും തുക അനുവദിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇത്തരം പണികൾ പലരുടെയും കീശ വീർപ്പിക്കാനേ കഴിയൂ എന്ന ആരോപണവും ഉയർന്നിരിക്കുകയാണ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട ഇടപെടലുകൾ ഉണ്ടാകണമെന്നാണ് പരിസരവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.